പയ്യന്നൂർ: റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഭക്ഷണശാലയില്‍ ഇന്നലെ ഭക്ഷണം വിളമ്പിയത് അദ്ധ്യാപികമാർ. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സഹായം തൊട്ട് , ഗേറ്റില്‍ ടോക്കണ്‍ നല്‍കിയതും പാത്രം നല്‍കിയതും ഭക്ഷണം വിളമ്പിയതും വേസ്റ്റ് എടുത്തതും മേശ തുടച്ചതുമെല്ലാം അദ്ധ്യാപികമാരായിരുന്നു.
ഭക്ഷണശാലയെ നിയന്ത്രിക്കുന്നത് 130 അദ്ധ്യാപികമാരാണ്. പിന്തുണയുമായി വിദ്യാർത്ഥിനികളും ഒപ്പം കൂടി. കെ.എസ്.ടി.എയ്ക്കാണ് ഭക്ഷണശാലയുടെ ചുമതല. സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബീന , ജില്ലാകമ്മിറ്റിയംഗം കെ.വി.ശ്രീലത, സബ് ജില്ലാ കണ്‍വീനർ പി.സരിത എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.
