പള്‍സര്‍ സുനിയുടെ പേരില്‍ പ്രവാസിയെ ഭീഷണിപ്പെടുത്തി; കാറും പണവും തട്ടിയെടുത്ത സംഘം പിടിയില്‍

 


കണ്ണൂർ : കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കിയ പള്‍സർ സുനിയുടെ പേര് പറഞ്ഞ് പ്രവാസിയെ ഭീഷണിപ്പെടുത്തി കാറും പണവും വാച്ചും തട്ടിയെടുത്ത നാലംഗ ക്വട്ടേഷൻ സംഘം റിമാൻഡില്‍.

വളപട്ടണത്താണ് പ്രവാസി കൊള്ളയൊടിക്കപ്പെട്ടത്. കണ്ണൂർ നഗരത്തിലോ പരിസരങ്ങളിലോ സ്ഥലം വാങ്ങാനായി ഇറങ്ങിയ പ്രവാസിയാണ് കൊടും കൊളളയ്ക്കിരയായത്. ഏജൻ്റുമാർ മുഖേനെ ഇതിനായി പരിശ്രമിച്ചയാളെയാണ് ക്വട്ടേഷൻ സംഘം തങ്ങളുടെ കൈയ്യില്‍ വില്‍പ്പനയ്ക്കായി പ്രോപ്പർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധപ്പെടുന്നത്.

റിയല്‍ എസ്‌റ്റേറ്റ് ഏജൻ്റുമാരാണെന്ന് പറഞ്ഞ് പ്രവാസിയെ കണ്ണൂർ നഗരത്തിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സ്ഥലത്തിന് അഡ്വാൻസ് കൊടുക്കാൻ പണം കൊണ്ടുവരാനും നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം തിങ്കളാഴ്ച്ച രാവിലെ പത്തുമണിക്ക് സ്ഥലം കാണിക്കാനെന്നന്ന് പറഞ്ഞ് റിയല്‍ എസ്‌റ്റേറ്റുകാരനെ കൂട്ടിക്കൊണ്ടുപോയി പണവും കാറും വാച്ചും തട്ടിയെടുത്തു നാലംഗ സംഘം രക്ഷപ്പെടുകയായിരുന്നു.

ഇരിക്കൂർ ചേടിച്ചേരിയിലെ കെപി ഹംസയുടെ പരാതിയില്‍ കാട്ടാമ്ബള്ളിയിലെ വിടി റഹീം, സൂരജ് ,അജിനാസ്, റാസിഖ് എന്നിവരെയാണ് വളപട്ടണം പോലീസ് അറസ്‌റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി വെച്ച ഭൂമി കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് കണ്ണൂർ നഗരത്തില്‍ നിന്നും പരാതിക്കാരന്റെ കാറില്‍ പോവുകയും അവിടെയെത്തിയപ്പോള്‍ വാക്തർക്കത്തെ തുടർന്ന് മർദ്ദിക്കുകയും കാറില്‍ സൂക്ഷിച്ച 2, 26,000 രൂപയും ഒന്നര ലക്ഷം രൂപ വിലയുള്ള റാഡോ വാച്ചും തട്ടിയെടുത്ത് കാറുമായി കടന്നു കളഞ്ഞുവെന്നാണ് പരാതി.

തുടർന്ന് വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സിസിടിവി ദൃശ്യം പരിശോധിച്ചതിന് ശേഷമാണ് പ്രതികള്‍ വലയിലായത്. നാലംഗ സംഘത്തെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രതികള്‍ നേരത്തെ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്ന് സംശയിക്കുന്നതായി വളപട്ടണം പോലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്യുന്നതിനായി ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വാങ്ങും. സംസ്ഥാനമാകെ തങ്ങള്‍ക്ക് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പള്‍സർ ഉള്‍പ്പെടെയുള്ള സംഘത്തിലെ കണ്ണികളാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് യുവാക്കള്‍ പ്രവാസിയെ ഭീഷണിപ്പെടുത്തിയത്.

വളരെ പുതിയ വളരെ പഴയ