ഈ കല്യാണത്തിന് ക്ഷണം കിട്ടിയാൽ നിങ്ങൾ കുടുങ്ങും; ‘കല്യാണക്കത്ത്’ സൈബർ തട്ടിപ്പിൽ വീ‍ഴാതിരിക്കാൻ മുന്നറിയിപ്പ്

 


നവംബറും ഡിസംബറും കല്യാണങ്ങളുടെ മാസമാണ് ഇന്ത്യയിൽ. പതിനായിരത്തിലധികം കല്യാണങ്ങളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ ന്യൂജൻ ‘നാട്ടുനടപ്പുകൾ’ അനുസരിച്ച് പേപ്പർലെസ് കല്യാണ ലെറ്ററുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. എന്നാൽ ഈ ട്രെൻഡ് വച്ച് നിങ്ങളുടെ ഫോണിലേക്ക് നുഴഞ്ഞു കയറാൻ കാത്തിരിക്കുകയാണ് സൈബർ ക്രിമിനലുകൾ എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഹിമാചൽ പ്രദേശ് സൈബർ പോലീസ് പറയുന്നതനുസരിച്ച്, തട്ടിപ്പുകാർ ആപ്പ് (apk) ഫോർമാറ്റ് ഫയലുകളുടെ രൂപത്തിൽ വാട്ട്‌സ്ആപ്പ് വഴി വിവാഹ ക്ഷണക്കത്തുകൾ അയക്കും. ഇത് ഡോൺലോഡ് ചെയ്തു കഴിഞ്ഞാൽ ഇതിൽ ഒളിപ്പിച്ചിരുന്ന മാൽവെയറുകൾ മൊബൈൽഫോണിലേക്ക് കടന്ന് ഫോണിൽ ഒരു ‘ബാക്ക്ഡോർ’ തുറക്കുകയും ഹാക്കർമാർ ഇത് വഴി നമ്മുടെ വിവരങ്ങൾ ചോർത്തുകയും ചെയ്യുന്നു.

അജ്ഞാത നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങൾ, പ്രത്യേകിച്ച് അറ്റാച്ച്‌മെന്‍റുകൾ ഡൗൺലോഡ് ചെയ്യാനുള്ള മെസേജുകൾ എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപരിചിതമായ നമ്പറുകളിൽ നിന്ന് അയച്ച ഒരു ഫയലും ഡൗൺലോഡ് ചെയ്യാൻ പാടില്ല. ഇത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം വരെ നഷ്ടപ്പെടാൻ കാരണമായേക്കും.

നിങ്ങൾക്ക് അറിയാത്ത ആരിൽ നിന്നെങ്കിലും വിവാഹ ക്ഷണക്കത്തോ ഏതെങ്കിലും ഫയലോ ലഭിക്കുകയാണെങ്കിൽ, അതിൽ ക്ലിക്ക് ചെയ്യരുത്. നിങ്ങളുടെ ഫോണിലേക്ക് എന്തെങ്കിലും ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് അയച്ചയാളെയും ഫയലിനെയും പരിശോധിച്ചുറപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അല്ലാത്ത പക്ഷം ഫോൺ ഹാക്ക് ചെയ്യപ്പെടാമെന്നും ഹിമാചൽ പ്രദേശ് സൈബർ ക്രൈം ഡിപ്പാർട്ട്‌മെൻ്റ് ഡിഐജി മോഹിത് ചൗള പറഞ്ഞു.

വളരെ പുതിയ വളരെ പഴയ