പി പി ദിവ്യ 11 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തേക്ക്, വരവേൽക്കാൻ സി പി ഐ എം നേതാക്കളുടെ വൻ നിര


കണ്ണൂർ: തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പിപി ദിവ്യ. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഒറ്റവരിയിലാണ് ജാമ്യം അനുവദിച്ചു കൊണ്ടു തലശേരി പ്രിന്‍സിപ്പല്‍ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹ്‌മ്മദ് ഉത്തരവിട്ടത്. കോടതി ദിവ്യയ്ക്ക് ഉപാധികളോടെ ആണ് ജാമ്യം അനുവദിച്ചത്.

1.സാക്ഷികളെ സ്വാധീനിക്കരുത്

2. കേസന്വേഷണം നടക്കുന്ന വേളയിൽ കണ്ണൂർ ജില്ല വിട്ടു പുറത്തു പോകാൻ പാടില്ല 

3. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ഒപ്പിടണം.

എന്നിങ്ങനെയാണ് ജാമ്യം നല്‍കുമ്പോള്‍ കോടതി ഉപാധികളായി മുന്‍പോട്ടു വെച്ചത്. അഴിമതിക്കെതിരെയാണ് ദിവ്യ ശബ്ദിച്ചതെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. നവീന്‍ ബാബുവും പരാതിക്കാരനായ ടി.വി പ്രശാന്തുമായി കണ്ടതിന്റെ സി.സി.ടി. ദിദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍ എന്നിവ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചതെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. അഭിഭാഷകനുമായി ആലോചിച്ച്‌ തുടര്‍ നടപടികളിലേക്ക് കടക്കും. കൂടുതല്‍ പ്രതികരണം പിന്നീടെന്നും മഞ്ജുഷ പറഞ്ഞു. 

അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു. ചൊവ്വാഴ്ച വാദംകേട്ട കോടതി വിധിപറയാന്‍ മാറ്റുകയായിരുന്നു. 

കളക്ടറോട് നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ആരോപണം നിലനില്‍ക്കുന്നതല്ല. ദിവ്യ അന്വേഷണ സംഘവുമായി സഹകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി. കൈക്കൂലി നല്‍കിയതിന് ശാസ്ത്രീയ തെളിവ് നല്‍കി. യാത്രയയപ്പ് ദൃശ്യം ദിവ്യ കൈമാറിയിട്ടില്ല എന്നീ വാദങ്ങളും ദിവ്യ കോടതിയില്‍ അവതരിപ്പിച്ചു. 

സ്ത്രീയാണെന്നും ഭരണാധികാരിയായിരുന്നുവെന്നും പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയാണെന്നും ജാമ്യ ഹര്‍ജിയുടെ വാദത്തിനിടെ പ്രതിഭാഗം അഭിഭാഷകൻ അഡ്വ.കെ . വിശ്വൻ വാദിച്ചിരുന്നു.

ജാമ്യം കിട്ടിയതില്‍ സന്തോഷമെന്ന് ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു. അൽപ്പ സമയത്തിന് മുൻപാണ് വിധിപ്പകർപ്പ് അഡ്വ.കെ വിശ്വൻ ജയിലിൽ നേരിട്ടെത്തി അധികൃതർക്ക് കൈമാറിയത്. 

ദിവ്യയെ കാത്ത് പുറത്തു നിൽക്കുന്ന വനിതാ നേതാക്കൾ

പുറത്തിറങ്ങുന്ന ദിവ്യയെ വരവേൽക്കാൻ വനിതാ ജയിൽ കവാടത്തിന് മുന്നിൽ സി പി ഐ എം വനിതാ നേതാക്കളും ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മറ്റ് നേതാക്കളും ഏറെ നേരം കാത്തു നിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

പുറത്തിറങ്ങിയ ദിവ്യ മാധ്യമപ്രവർത്തകരോട് സംസാരിച്ചു.  ഞാൻ നിയമത്തിൽ വിശ്വസിക്കുന്നു. സത്യം പുറത്തുവരണമെന്നും തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നും ദിവ്യ പറഞ്ഞു. അഭിഭാഷകന്റെ വാഹനത്തിലാണ് ദിവ്യ പുറത്തിറങ്ങിയതിന് ശേഷം പോയത്.

വളരെ പുതിയ വളരെ പഴയ