കണ്ണൂർ: എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ ഒന്നാം പ്രതിയായ പി.പി ദിവ്യ വീണ്ടും പൊതുരംഗത്ത് സജീവമാകുന്നു.
കേസില്‍ ദിവസങ്ങള്‍ക്ക് മുൻപാണ് ദിവ്യ കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലില്‍ നിന്നും മോചിതയായത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പദവിയും ജില്ലാ കമ്മിറ്റി അംഗത്വവും സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ദിവ്യയില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇപ്പോള്‍ ഇരിണാവ് ബ്രാഞ്ച് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമാണ്.
എന്നാല്‍ നവീൻ ബാബു സ്വയം മരിച്ച കേസില്‍ പ്രതിയാണെങ്കിലും ദിവ്യ ഇപ്പോഴും കാഡറാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ പ്രതികരണമാണ് ദിവ്യയ്ക്ക് തുണയായത്. ഇതിൻ്റെ ഭാഗമായി പാർട്ടിയുടെ പോഷക സാംസ്കാരിക സംഘടനകള്‍ നടത്തുന്ന പരിപാടികളില്‍ ദിവ്യ പങ്കെടുക്കും.
ചെറുകുന്ന് ഗവ. ബോയ്സ് സ്കൂള്‍ 1994- എസ്.എസ്.ല്‍.സി ബാച്ച് സംഘടിപ്പിക്കുന്ന സുജിത്ത് പട്ടേരി സ്മാരക ചിത്രരചനാ മത്സര ഉദ്ഘാടന പരിപാടിയില്‍ പി.പി ദിവ്യ മുഖ്യാതിഥിയാണ്. ഡിസംബർ ഒന്നിന് രാവിലെ 10 മണിക്ക് ചെറുകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പരിപാടി. എല്‍.പി യുപി സ്കൂള്‍ വിദ്യാർത്ഥികള്‍ക്കായാണ് പരിപാടി നടത്തുന്നത്. സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.