കാസർഗോഡ്: അഞ്ചു പേരുടെ മരണത്തിനും 149 പേർക്ക് പൊള്ളലേല്‍ക്കുകയും ചെയ്ത നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടത്തില്‍ പ്രതി ചേർക്കപ്പെട്ട ക്ഷേത്ര ഭാരവാഹികൾ അടക്കമുള്ളവർ അറസ്റ്റ് വാറന്റിന് പിന്നാലെ മുങ്ങി.
നേരത്തെ അറസ്റ്റിന് തൊട്ടു പിന്നാലെ ഹോസ്‌ദുർഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (രണ്ട് )കോടതി നല്‍കിയ ജാമ്യം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ഇവർ മുങ്ങിയത്.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി. കെ ചന്ദ്രശേഖരൻ, സെക്രട്ടറി കെ. ടി ഭരതൻ എന്നിവർക്ക് എതിരെയാണ് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടെ നിർദ്ദേശപ്രകാരം ഹോസ്‌ദുർഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (രണ്ട് )കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ചന്ദ്രശേഖരന്റെയും ഭരതന്റെയും കേസിലെ മറ്റൊരു പ്രതിയായ പി. രാജേഷിന്റെയും ജാമ്യമാണ് വ്യാഴാഴ്‌ച ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി റദ്ദാക്കിയത്. ജാമ്യമെടുക്കാൻ ആരുമില്ലാത്തതിനാല്‍ രാജേഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല.
പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്ത് ജില്ലാ കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഹോസ്‌ദുർഗ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
അന്വേഷണ സംഘം രണ്ട് പ്രതികളുടെയും വീടുകളില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല. പയ്യന്നൂരിലും പറശ്ശിനിക്കടവിലെയും ലോഡ്‌ജുകളിലും കഴിഞ്ഞ രാത്രി പരിശോധന നടത്തി. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് ഇവരെ കണ്ടെത്താൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.