യാത്രയ്ക്കിടയിൽ ഭക്ഷണം: 24 ഹോട്ടലുകളിൽ കെ.എസ്.ആർ.ടി.സി.ക്ക് സ്റ്റോപ്പ്


കെ.എസ്.ആർ.ടി.സി. ദീർഘദൂര ബസുകൾക്ക് 24 ഹോട്ടലുകളിൽക്കൂടി സ്റ്റോപ്പ് അനുവദിച്ചു. യാത്രക്കാർക്ക് നല്ല ഭക്ഷണം നൽകുന്നതിന് ഹോട്ടലുകളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള വൃത്തിയുള്ള ഭക്ഷണ ശാലകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. 

ഭക്ഷണ ഗുണനിലവാരവും വിലക്കുറവും പരിഗണിച്ചിട്ടുണ്ട്. എം.സി. റോഡ്, ദേശീയ പാത എന്നിവയ്ക്ക് അരികിലെ ഹോട്ടലുകളാണിവ.

ഭക്ഷണം കഴിക്കുന്നതിനായി ബസ് നിർത്തുന്ന സമയവും സ്ഥലവും ഡ്രൈവർ കാബിനു പിന്നിൽ പ്രദർശിപ്പിക്കും. ഭക്ഷണ സ്റ്റോപ്പുകൾ യാത്രക്കാരെ ജീവനക്കാർ നേരിട്ട് അറിയിക്കുകയും ചെയ്യും.

7.30 മുതൽ 9.30 വരെയാണ് പ്രഭാത ഭക്ഷണ സമയം. 12.30 മുതൽ രണ്ടു വരെയാണ് ഊണിനുള്ള സമയം. നാലിനും ആറിനും ഇടയ്ക്ക് ചായയ്ക്കും രാത്രി പത്തിനും പതിനൊന്നിനും ഇടയ്ക്ക്‌ അത്താഴത്തിനും സ്റ്റോപ്പുണ്ടാകും. ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് യാത്രക്കാർ പരാതിപ്പെട്ടാൽ സ്റ്റോപ്പ് പുനഃപരിശോധിക്കും.

വൃത്തിഹീനവും നിരക്കു കൂടിയതുമായ ഹോട്ടലുകളിൽ ഭക്ഷണത്തിനായി നിർത്തുന്നതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി. പഴികേട്ടിരുന്നു. ജീവനക്കാർക്ക് സൗകര്യമുള്ള ഹോട്ടലുകളിൽ നിർത്തുന്നതായും ആക്ഷേപമുണ്ടായിരുന്നു. ശൗചാലയം ഇല്ലാത്ത ഹോട്ടലുകൾ സ്ത്രീ യാത്രികർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതിന് പരിഹാരം കാണാൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണ് ഹോട്ടലുകൾ പരിശോധിച്ച് തിരഞ്ഞെടുക്കാൻ നിർദേശിച്ചത്.

വളരെ പുതിയ വളരെ പഴയ