Zygo-Ad

കേരളത്തിലെ ട്രെയിനുകളിൽ അൺ റിസർവ്ഡ് യാത്രക്കാരിൽ വൻ വർധന; റെയിൽവേയുടെ കടുത്ത അവഗണന

 


കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ അൺ റിസർവ്ഡ് യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന. മൂന്നുവർഷത്തിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കൂടിയത് 40.47 ലക്ഷം യാത്രക്കാർ. ദേശീയപാതയിലെ പണിത്തിരക്കിൽ യാത്രക്കാർ തീവണ്ടികളിലേക്ക് മാറിയതാണ് പ്രധാന കാരണം.

2021-22 ൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 8.01 ലക്ഷം ജനറൽ ടിക്കറ്റ് യാത്രക്കാരാണ് കയറിയത്. 2022-23 ൽ ഇത് 42.85 ലക്ഷമായി. 2023-24 സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരം 48.49 ലക്ഷം യാത്രക്കാർ യാത്ര ചെയ്തു. വരുമാനം 2.66 കോടി രൂപയിൽ നിന്ന് 25.83 കോടി രൂപയായി .

2023-24 വർഷത്തെ കണക്ക് പ്രകാരം കോഴിക്കോട് സ്റ്റേഷനിൽ 84.29 ലക്ഷം യാത്രക്കാർ കയറി. കാസർകോട് 23.10 ലക്ഷം യാത്രക്കാരും തലശ്ശേരി 37.12 ലക്ഷം പേരും വടകര 38 ലക്ഷം യാത്രക്കാരും ഉണ്ട്

കടുത്ത അവഗണന :-

യാത്രാത്തിരക്ക് കണക്കിലെടുത്താൽ മെമു സർവീസ് ഏറ്റവും കുറവ് കേരളത്തിലാണ്. പൂർണമായും കേരളത്തിലോടുന്നത് 10 മെമു മാത്രം. തിരുവനന്തപുരം ഡിവിഷനിൽ ഒൻപതും പാലക്കാട് ഡിവിഷനിൽ ഒന്നും. നിലവിൽ ഷൊർണൂർ-മംഗളൂരു 307 കിലോമീറ്റർ റൂട്ടിൽ മെമു സർവീസ് ഇല്ല. കണ്ണൂർ-മംഗളൂരു (132 കി.മീ.) സെക്ഷനിൽ രാവിലെയും വൈകീട്ടും ഒരു അൺഡറിസർവ്ഡ് പാസഞ്ചർ മാത്രം. ഷൊർണൂർ-കണ്ണൂർ അൺറിസർവ്ഡ് വണ്ടി (06031) കാസർകോട്ടേക്ക് നീട്ടിയില്ല.

ആളില്ലാതെ കാലിയായി ഓടുന്ന എക്സ്പ്രസ് (പഴയ പാസഞ്ചർ) വണ്ടികളും ഒട്ടേറെയുണ്ട്. ഷൊർണൂർ-കോഴിക്കോട് എക്സ്പ്രസ് (06455), മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16610) എന്നിവ അടക്കം സമയക്രമീകരണം നടത്തി ഓടിച്ചാൽ ആയിരക്കണക്കിന് യാത്രക്കാർക്ക് ഉപകാരമാകും.

താളംതെറ്റി യാത്ര :-

ദേശീയപാതയുടെ പണി നടക്കുമ്പോൾ സർവീസ് റോഡുകളിൽ ഇഴഞ്ഞാണ് ബസ് യാത്ര. കോഴിക്കോട്-കണ്ണൂർ ബസ് യാത്രയ്ക്ക് മൂന്നരമണിക്കൂർവരെ വേണം. എക്സപ്രസ് തീവണ്ടിയിൽ ഒന്നരമണിക്കൂർ മതി. കേരളത്തിൽ ഏറ്റവും കുറവ് പാസഞ്ചർ വണ്ടികൾ ഓടുന്ന ഉത്തരമലബാറിലാണ് സ്ഥിതി രൂക്ഷം. ഒന്നിച്ച് കുറെ തീവണ്ടികൾ. പിന്നെ മണിക്കൂറുകളോളം ഒരു വണ്ടിയുമില്ലാത്ത അവസ്ഥ.

വളരെ പുതിയ വളരെ പഴയ