കോട്ടക്കല്‍ കുറ്റിപ്പുറം ജുമാ മസ്ജിദിലെ ഇരട്ടക്കൊലപാതകം: ഒമ്പത് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു

 


മലപ്പുറം: കോട്ടക്കലില്‍ പള്ളിയില്‍ വെച്ച്‌ സഹോദരങ്ങളെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒമ്പത് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു.

സാക്ഷി മൊഴികള്‍ വിശ്വസനീയമല്ലെന്നും കുറ്റാരോപണം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിലയിരുത്തിയാണ് കോട്ടക്കല്‍ കുറ്റിപ്പുറം ആലിക്കല്‍ ജുമാ മസ്ജിദ് ഇരട്ടക്കൊലക്കേസ് പ്രതികളെ വെറുതെ വിട്ടത്. 

മഞ്ചേരി അഡീ. സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളായ അബ്ദു സുഫിയാൻ, യൂസഫ് ഹാജി, മുഹമ്മദ് നവാസ്, ഇബ്രാഹീം കുട്ടി, മുജീബ് റഹ്മാൻ, സെയ്തലവി, മൊയ്തീൻകുട്ടി, അബ്ദുല്‍ റഷീദ്, ബീരാൻ എന്നിവരെയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി. പ്രദീപ് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടത്. സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹർജിയാണ് കോടതി പരിഗണിച്ചത്. 

പള്ളിക്കമ്മിറ്റി അംഗങ്ങളുടെ അനുവാദമില്ലാതെ മഹല്ല് ഖാദിയെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 2008 ആഗസ്റ്റ് 29നായിരുന്നു സംഭവം. പുളിക്കല്‍ മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദു (45), അബൂബക്കർ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. പരാതിക്കാരനായ അഹമ്മദ്കുട്ടിയെന്ന കുഞ്ഞാവ ഹാജിയും കൊല്ലപ്പെട്ട അബ്ദുവും അബൂബക്കറും ജുമുഅ നമസ്‌കാരത്തിന് പള്ളിയിലെത്തിയതായിരുന്നു. 

സംഘർഷത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. എന്നാല്‍, ആക്രമണത്തിനിടെ പ്രതികള്‍ക്ക് പരിക്കേറ്റത് സംബന്ധിച്ച്‌ വ്യക്തമായ വിശദീകരണം പ്രോസിക്യൂഷന് നല്‍കാനായിട്ടില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. 

ആദ്യം ആക്രമണം നടത്തിയത് പ്രോസിക്യൂഷൻ സാക്ഷികളടക്കമുള്ളവരാണെന്ന വസ്തുത മറച്ചുവെച്ചതായും ഈ സാഹചര്യത്തില്‍ സാക്ഷികളുടെ മൊഴി വിശ്വസനീയമല്ലെന്നുമുള്ള പ്രതികളുടെ വാദവും കോടതി അംഗീകരിച്ചു. തുടർന്നാണ് പ്രതികളെ വെറുതെ വിട്ട് ഉത്തരവുണ്ടായത്. 11 പ്രതികളുണ്ടായിരുന്ന കേസില്‍ ഒരാള്‍ വിചാരണക്കാലയളവില്‍ മരണപ്പെട്ടിരുന്നു. ശേഷിക്കുന്ന 10 പേർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാല്‍, ഒരാള്‍ അപ്പീല്‍ കാലയളവിലും മരണപ്പെട്ടു.

വളരെ പുതിയ വളരെ പഴയ