കാസർഗോഡ്: കേരളത്തിലെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന് നവംബർ 14ന് മഞ്ചേശ്വരം താലൂക്കിലെ ഉപ്പളയില്‍ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി തറക്കല്ലിടുമെന്ന് ട്രസ്റ്റി ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. യുഎഇ രാഷ്ട്ര ശില്‍പി ശെയ്ഖ് സാഇദിന്റെ പേരിലാണ് അറിയപ്പെടുക.
60 ഡയാലിസിസ് മെഷീനുകളോടു കൂടി 20,000 ചതുരശ്ര അടി വിസ്തൃതിയിലാണ് നിർമ്മിക്കുക. ജില്ലയിലെ നൂറു കണക്കിന് വൃക്ക രോഗികള്‍ക്ക് ഈ കേന്ദ്രം ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മഞ്ചേശ്വരം താലൂക്കില്‍ മാത്രം 500 ല്‍ അധികം വൃക്ക രോഗികളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സണ്‍ ഇർഫാന ഇഖ്ബാല്‍ നേതൃത്വം നല്‍കുന്ന ട്രസ്റ്റിന്റെ കീഴില്‍ നിലവില്‍ 50 പേർക്ക് താമസിക്കാൻ കഴിയുന്ന അനാഥ -അഗതി -വൃദ്ധ മന്ദിരം കൂടി പ്രവർത്തിക്കുന്നുണ്ട്.
കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍, ശ്രീ ശ്രീ യോഗനന്ദ സരസ്വതി സ്വാമിജി, റവ. ഫാദർ. എഡ്വിൻ ഫ്രാൻസിസ് പിന്റോ, എംഎല്‍എമാരായ എ.കെ.എം അഷ്‌റഫ്, എൻഎ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുക്കും.
വാർത്താ സമ്മേളനത്തില്‍ മുഖ്യ രക്ഷാധികാരിയും, ഡയറക്ടറുമായ കൂക്കള്‍ ബാലകൃഷ്ണൻ, മാനേജിങ് ട്രസ്റ്റികളായ കെ എഫ് ഇഖ്ബാല്‍, ഇർഫാന ഇഖ്ബാല്‍, ട്രസ്റ്റ് കോർഡിനേറ്റർമാരായ മഹ്‌മൂദ് കൈകമ്പ, സത്യൻ സി ഉപ്പള എന്നിവർ പങ്കെടുത്തു.