ഡോക്ടര്‍മാര്‍ക്ക് മടി; സര്‍ക്കാര്‍ ആശുപത്രികളില്‍ രക്തസമ്മര്‍ദ പരിശോധന നിര്‍ബന്ധമെന്ന് ആരോഗ്യവകുപ്പ്


കണ്ണൂർ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ രക്തസമ്മർദം പരിശോധിക്കാൻ ഡോക്ടർമാർക്ക് മടി.

ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് ചികിത്സയ്ക്കെത്തുന്ന രോഗികളില്‍ ആവശ്യമുള്ളവർക്കെല്ലാം രക്തസമ്മർദ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നല്‍കി. പരിശോധനയുണ്ടെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പാക്കുകയും വേണം.

രോഗിയുടെ താപനില, രക്തസമ്മർദം, നാഡിമിടിപ്പ്, ശ്വസന നിരക്ക് എന്നിവയെടുക്കുന്നത് നിർണായകമാണ്. രോഗിയുടെ ആരോഗ്യ നിലയെക്കുറിച്ച്‌ വിലയിരുത്താനും ഇത് സഹായിക്കും. മുൻപ് ഇവ പരിശോധിച്ച ശേഷമാണ് ഡോക്ടർമാർ രോഗ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇത് കാര്യക്ഷമമല്ലെന്നാണ് പരാതി.


ശരീര പരിശോധന അനിവാര്യം

രോഗ നിർണയത്തിന് ശരീര പരിശോധന നടത്തുന്നതും രോഗ വിവരങ്ങള്‍ ചോദിച്ചറിയുന്നതും അനിവാര്യമാണ്. ഇൻസ്പെക്ഷൻ, പാല്‍പ്പേഷൻ, പെർക്കഷൻ, ഒസ്കള്‍ട്ടേഷൻ എന്നിവയാണ് ഇതില്‍ പ്രധാനം.


ഇൻസ്പെക്ഷൻ

ഏതെങ്കിലും ശരീര ഭാഗത്തിന് കാഴ്ചയില്‍ സാധാരണയില്‍ നിന്ന് വ്യത്യാസമുണ്ടോയെന്ന് പരിശോധിക്കും. കണ്ണിനും നഖങ്ങള്‍ക്കും മഞ്ഞനിറമുണ്ടോ, എവിടെയെങ്കിലും നീലനിറമുണ്ടോ, ടോണ്‍സില്‍ ഗ്രന്ഥിയുടെ സ്ഥിതിയെങ്ങനെ, ശരീര ഭാഗത്തെവിടെയെങ്കിലും വീക്കമുണ്ടോ തുടങ്ങിയവ നിരീക്ഷിക്കും.


പാല്‍പ്പേഷൻ

ശരീരോഷ്മാവ്, വീക്കം തുടങ്ങിയവയുണ്ടോയെന്ന് തൊട്ടറിയല്‍. കൈകളുപയോഗിച്ച്‌ ശരീരഭാഗത്ത് മെല്ലെയോ ശക്തമായോ അമർത്തി പരിശോധിക്കും.


പെർക്കഷൻ

ഉള്ളിലെ അവസ്ഥയറിയാൻ രോഗിയുടെ ശരീരത്തില്‍ തട്ടി നോക്കുകയാണിതില്‍ ചെയ്യുക. നെഞ്ച്, പുറം, വയർ തുടങ്ങിയ ഭാഗങ്ങളിലാണ് പരിശോധന. കൈവിരലുകളോ റിഫ്ലക്സ് ഹാമറോ ഉപയോഗിച്ചോ ഇത് ചെയ്യാം.


ഒസ്കള്‍ട്ടേഷൻ

സ്റ്റെതസ്കോപ്പ് ഉപയോഗിച്ച്‌ നടത്തുന്ന പരിശോധന. ഹൃദയമിടിപ്പ്, ശ്വാസോച്ഛാസം, കുടലിലെ ശബ്ദങ്ങള്‍ തുടങ്ങിയവയിലെ വ്യത്യാസങ്ങള്‍ മനസ്സിലാക്കാൻ.

വളരെ പുതിയ വളരെ പഴയ