കണ്ണൂർ: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തല പരാതിപരിഹാര അദാലത്തിലേക്കുള്ള പരാതികള്‍ നാളെ മുതല്‍ സ്വീകരിച്ചു തുടങ്ങും.
ഡിസംബർ ആറുവരെ പരാതികള്‍ സമർപ്പിക്കാം.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കൃഷി മന്ത്രി പി. പ്രസാദ്, പട്ടികജാതി പട്ടികവർഗ വികസന മന്ത്രി ഒ.ആർ. കേളു എന്നിവരുടെ നേതൃത്വത്തില്‍ ഡിസംബർ ഒമ്പത് മുതല്‍ 16 വരെയാണ് കണ്ണൂർ ജില്ലയില്‍ അദാലത്ത് നടക്കുന്നത്.
ഡിസംബർ ഒമ്പതിന് കണ്ണൂർ താലൂക്ക്, 10ന് തലശ്ശേരി താലൂക്ക്, 12ന് തളിപ്പറമ്പ് താലൂക്ക്, 13ന് പയ്യന്നൂർ താലൂക്ക്, 16ന് ഇരിട്ടി താലൂക്ക് എന്നിങ്ങനെയാണ് അദാലത്ത് നടക്കുക.
അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ താലൂക്ക് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും കരുതല്‍ പോർട്ടല്‍ വഴി ഓണ്‍ലൈനായും സമർപ്പിക്കാം. പരാതി നല്‍കുന്നയാളുടെ പേര്, വിലാസം, ഇ മെയില്‍, മൊബൈല്‍ നമ്പർ, വാട്സ് ആപ് നമ്പർ, ജില്ല, താലൂക്ക്, പരാതി വിഷയം പരിശോധിച്ചിട്ടുള്ള ഓഫീസ്, ഫയല്‍ നമ്പർ എന്നിവ പരാതിയില്‍ ഉള്‍പ്പെടുത്തണം. അദാലത്തില്‍ പരിഗണിക്കാൻ നിശ്ചയിച്ച വിഷയങ്ങളിലുള്ള പരാതികള്‍ മാത്രമാണ് സമർപ്പിക്കേണ്ടത്.
