ഇരുമുടിക്കെട്ടില്‍ ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ എന്നിവ വേണ്ട, പ്ലാസ്റ്റിക്കിനും വിലക്ക്: മാര്‍ഗനിര്‍ദേശവുമായി തന്ത്രി


 ഇരുമുടിക്കെട്ടില്‍ ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ എന്നിവ ഒഴിവാക്കണമെന്ന് നിര്‍ദേശം. പ്ലാസ്റ്റിക്കും വിലക്കിയിട്ടുണ്ട്. ഇരുമുടിക്കെട്ടില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം എന്തെല്ലാം ഒഴിവാക്കണം എന്നതിനെ കുറിച്ച് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്ത് നല്‍കി.

തീര്‍ഥാടകര്‍ ഇരുമുടിക്കെട്ടില്‍ അനാവശ്യ സാധനങ്ങള്‍ കൊണ്ടു വരുന്നത് ഒഴിവാക്കണമെന്നും തന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇരുമുടിക്കെട്ടില്‍ രണ്ട് ഭാഗങ്ങളാണുള്ളത്. മുന്‍കെട്ടില്‍ ശബരിമലയില്‍ സമര്‍പ്പിക്കാനുള്ള സാധനങ്ങളും പിന്‍ കെട്ടില്‍ ഭക്ഷണ പദാര്‍ഥങ്ങളും. മുന്‍ കെട്ടില്‍ ഉണക്കലരി, നെയ്ത്തേങ്ങ, ശര്‍ക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന് എന്നിവ മാത്രം മതി.

മുമ്പ് കാല്‍നടയായി വന്നിരുന്നപ്പോഴാണ് ഇടയ്ക്ക് താവളമടിച്ച് ഭക്ഷണം ഒരുക്കാന്‍ അരി, നാളികേരം തുടങ്ങിയവ പിന്‍ കെട്ടില്‍ കൊണ്ടുവന്നിരുന്നത്. ഇപ്പോള്‍ എല്ലായിടത്തും ഭക്ഷണം ലഭ്യമായതിനാല്‍ അതിന്റെ ആവശ്യമില്ല. പിന്‍ കെട്ടില്‍ കുറച്ച് അരി മാത്രം കരുതിയാല്‍ മതിയെന്നും കത്തില്‍ പറയുന്നു.

പിന്‍ കെട്ടില്‍ കൊണ്ടുവരുന്ന അരി ശബരിമലയില്‍ സമര്‍പ്പിച്ച് വെള്ള നിവേദ്യം വാങ്ങാവുന്നതാണ്. ഇരുമുടി കെട്ടില്‍ ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ എന്നിവ ഒഴിവാക്കണം. ഇവ ശബരിമലയില്‍ ഉപയോഗിക്കുന്നില്ലെന്ന് തന്ത്രി കത്തില്‍ വ്യക്തമാക്കി.

പ്ലാസ്റ്റിക് കൊണ്ടുവരുന്നത് ശബരിമലയില്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ പ്ലാസ്റ്റിക് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തന്ത്രി നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ചു.

വളരെ പുതിയ വളരെ പഴയ