കോഴിക്കോട്:- വീട്ടിലെ അടുക്കളയിൽ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ രണ്ടര വയസുകാരിയുടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി. താമരശ്ശേരി അടിവാരം സ്വദേശി കൂളമടത്ത് പുളിക്കൽ ജംഷീദിന്റെ മകൾ രണ്ടര വയസുകാരി അസാ സഹറയുടെ തലയിലാണ് സ്റ്റീൽ പാത്രം കുടുങ്ങിയത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. വീട്ടുകാരും മറ്റുള്ളവരും ഏറെ നേരം ശ്രമിച്ചിട്ടും പുറത്തെടുക്കാൻ സാധിക്കാതെ വരികയായിരുന്നു. ഇതോടെ വീട്ടുകാർ അഗ്നിരക്ഷാസേനയുടെ സഹായം തേടാൻ തീരുമാനിക്കുകയായിരുന്നു
തലയിൽ സ്റ്റീൽ പാത്രം കുടുങ്ങിയ കുഞ്ഞുമായി ജംഷീദ് മുക്കം അഗ്നിരക്ഷാ നിലയത്തിൽ എത്തി. ഒട്ടും വൈകാതെ തന്നെ അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എം അബ്‌ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ കത്രിക, കട്ടർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് പാത്രം മുറിച്ചാണ് തലയിൽ നിന്ന് വേർപെടുത്തിയത്.
സീനിയർ ഫയർ ഓഫീസർ എൻ രാജേഷ്, സേനാംഗങ്ങളായ പിടി ശ്രീജേഷ്, എംസി സജിത്ത് ലാൽ, എഎസ് പ്രദീപ്, വി സലീം, പി നിയാസ്, വൈപി ഷറഫുദ്ധീൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
