Zygo-Ad

മലപ്പുറം തലപ്പാറ ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് തലകീഴായി മറിഞ്ഞു


മലപ്പുറം: ദേശീയപാത തലപ്പാറയില്‍ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് 32ലേറെ പേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി 10.45ഓടെയാണ് സംഭവം. സാരമായി പരിക്കേറ്റ ആറ് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 

പരിക്കേറ്റവരില്‍ എട്ട് സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്. ഡ്രൈവർ അനീഷ്, കണ്ടക്ടർ സുല്‍ഫിക്കർ എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വൈകുന്നേരം 7.30ന് തൊട്ടില്‍പ്പാലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സൂപ്പർ ഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് പത്തടിയോളം താഴ്ചയിലേക്കാണ് തലകീഴായി മറിഞ്ഞത്. അറുപതോളം പേര്‍ ബസ്സിലുണ്ടായിരുന്നു. പിൻ ഭാഗത്തെ ഗ്ലാസ് തകർത്താണ് യാത്രക്കാരെ പുറത്തെടുത്തത്.


തലകീഴായി കിടന്ന ബസില്‍ നിന്ന് ഏറെ ശ്രമകരമായാണ് ആളുകളെ പുറത്തെത്തിച്ചത്. ബസിന്‍റെ പിന്നിലെ ഗ്ലാസ് തകർത്ത് ചില്ല് നീക്കം ചെയ്താണ് പുറകിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. രാത്രിയായതിനാലും വെളിച്ചക്കുറവും രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു. നിലവില്‍ ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചതായി നാട്ടുകാര്‍ പറഞ്ഞു. 

ബസ് സ്ഥലത്ത് നിന്ന് ഉയര്‍ത്താനായിട്ടില്ല. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ദേശീയപാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

സൂചന ബോർഡുകളും മതിയായ വെളിച്ചവുമില്ലാത്തതിനാല്‍ റോഡിന്റെ ഘടന തിരിച്ചറിയാൻ കഴിയാതിരുന്നതാണ് അപകട കാരണമെന്ന് കരുതുന്നു. 

വളരെ പുതിയ വളരെ പഴയ