തിമിർത്ത് പെയ്യുന്നതിനിടെ കിണറ്റിലെ വെള്ളം അപ്രത്യക്ഷമായി. വയലായിലെ പുറവക്കാട്ട് സണ്ണിയുടെ വീട്ടിലെ കിണറ്റിലെ വെള്ളമാണ് ഒരു ദിവസം ഇരുട്ടി വെളുത്തപ്പോഴേക്കും അപ്രത്യക്ഷമായത്.
40 അടി ആഴമുള്ളതാണ് കിണർ. അതിൽ 150 അടി ആഴമുള്ള കുഴൽ കിണറുമുണ്ട്. രണ്ടിലും ഇപ്പോൾ വെള്ളമില്ല.
20 വർഷമായി മഴക്കാലത്ത് നിറയെ വെള്ളവും സാധാരണ നിലയിൽ ഒരാൾ പൊക്കം വെള്ളവും ഉണ്ടായിരുന്ന കിണറ്റിൽ ഇപ്പോൾ ഒരു തൊട്ടി വെള്ളം പോലും കോരി എടുക്കാനില്ലാത്ത സ്ഥിതിയാണ്.
കുഴൽ കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്യാൻ ശ്രമിച്ചപ്പോഴും വെള്ളമില്ലാത്ത സ്ഥിതിയാണ്. ഇതോടെ സമീപത്തെ കിണറ്റിൽ നിന്നും വെള്ളം സണ്ണിയുടെ കിണറ്റിലേക്ക് പമ്പ് ചെയ്‌തു നിറച്ചു.
ഏതാനും മണിക്കൂറുകൾക്ക് ഉള്ളിൽ ഈ വെള്ളവും അപ്രത്യക്ഷമായി. വെള്ളം എവിടെ അപ്രത്യക്ഷമാകുന്നു എന്ന ആശങ്കയിലാണ് സണ്ണിയും കുടുംബവും.
സമീപത്തുള്ള മറ്റു വീടുകളിലെ കിണറുകളിലൊന്നും ഈ പ്രതിഭാസമില്ല. കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത മഴയ്ക്കൊപ്പം ശക്തമായ ഇടിയും ഉണ്ടായിരുന്നു. ഈ സമയം ഭൂമിക്ക് അടിയിൽ നിന്നും വലിയ ശബ്‌ദം കേട്ടതായി നാട്ടുകാർ പറയുന്നു.ഈ ശബ്ദവും കിണറ്റിലെ വെള്ളം അപ്രത്യക്ഷമായതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെയെന്ന സംശയവും ഉയരുന്നുണ്ട്