കണ്ണൂർ:-ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായി സർക്കാർ നടത്തുന്ന തരംമാറ്റൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബർ 25ന് രാവിലെ 10 മണിക്ക് കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിക്കും.
ഒക്‌ടോബർ 25 മുതൽ നവംബർ 15 വരെ താലൂക്ക് അടിസ്ഥാനത്തിൽ തരംമാറ്റൽ അദാലത്തുകൾ നടക്കും. ആഗസ്റ്റ് 31 വരെ അപേക്ഷ ലഭിച്ചതും സൗജന്യമായി അനുവദിക്കേണ്ടതുമായ 25 സെൻറിൽ താഴെ ഭൂമി സംബന്ധിച്ച ഫോറം അഞ്ച്, ഫോറം ആറ് അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുക.
ഉദ്ഘാടന ദിനത്തിൽ കണ്ണൂർ താലൂക്കിലെ തരംമാറ്റൽ അദാലത്ത് നടക്കും.തളിപ്പറമ്പ് താലൂക്ക് തല തരംമാറ്റൽ അദാലത്ത് തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ഒക്‌ടോബർ 26ന് നടക്കും
തലശ്ശേരി താലൂക്ക് തല അദാലത്ത് നവംബർ രണ്ടിന് തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂളിലും പയ്യന്നൂർ താലൂക്ക് തല അദാലത്ത് നവംബർ ആറിന് പയ്യന്നൂർ താലൂക്ക് ഓഫീസ് വളപ്പിലും നടത്തും. ഇരിട്ടി താലൂക്ക് തല അദാലത്ത് നവംബർ ഏഴിന് ഇരിട്ടി ബ്ലോക്ക് കോൺഫറൻസ് ഹാളിലാണ്.
സംസ്ഥാനതല ഉദ്ഘാടനത്തിനായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി. സമിതി രക്ഷാധികാരികളായി നിയമസഭാ സ്പീക്കറേയും ജില്ലയിലെ എംപിമാരേയും ചെയർമാനായി രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയേയും തെരഞ്ഞെടുത്തു. വൈസ് ചെയർപേഴ്‌സൻമാരായി മേയറെയും എംഎൽഎമാരെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെയും ജനറൽ കൺവീനറായി ജില്ലാ കലക്ടറെയും ട്രഷറർ ആയി സീനിയർ ഫിനാൻസ് ഓഫീസറെയും ജോയിൻറ് കൺവീനർമാരായി സബ് കളക്ടർ, ആർ ഡി ഒ, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ തുടങ്ങിയവരെയും സംഘാടകസമിതി അംഗങ്ങളായി പ്രധാന രാഷ്ട്രീയ പാർട്ടി പ്രസിഡണ്ട്/സെക്രട്ടറിമാരെയും ഉൾപ്പെടുത്തി.