കൊച്ചി:ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നു. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും നിര്‍ബന്ധമാക്കും.
നാല് വയസു മുതല്‍ 14 വയസുവരെ 135 സെന്റീമീറ്റര്‍ ഉയരത്തില്‍ താഴെയുള്ള കുട്ടികള്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്തുവയ്ക്കുന്ന സുരക്ഷാ ബെല്‍റ്റ് ഉപയോഗിക്കുന്നതും നല്ലതാണ്. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ ഉറങ്ങുന്ന സാഹചര്യം ഉള്ളതിനാലാണ് ഈ നിര്‍ദേശം. കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ അപകടമുണ്ടായാല്‍ ഡ്രൈവര്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും അധികൃതർ അറിയിച്ചു.
ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഈ മാസം സമൂഹ മാധ്യമത്തിലൂടെ ബോധവത്കരണം നടത്തും. നവംബറില്‍ മുന്നറിയിപ്പു നല്‍കിയശേഷം ഡിസംബര്‍ മുതല്‍ പിഴയോടെ നിയമം നടപ്പാക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.