ഓണം കഴിഞ്ഞ ഇടവേളയിൽ വിപണിയിൽ തളർന്നിരുന്ന തക്കാളി വില ഒറ്റക്കുതിപ്പിൽ 70ലെത്തി. മൊത്ത വിപണിയിൽ 60 രൂപയാണ് . 10 ദിവസം കൊണ്ട് 25 രൂപയാണ് കൂടിയത്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് പ്രധാന കാരണം. കാലംതെറ്റിയ മഴയും കീടബാധയും ഉത്പാദനത്തെ ബാധിച്ചു.
നവരാത്രി ആഘോഷത്തോടെ പച്ചക്കറികൾക്ക് ആവശ്യക്കാരേറിയത് വില കുതിച്ചുയരാൻ ഇടയാക്കി. ഓണത്തിന് തക്കാളി വില കിലോയ്ക്ക് 20 - 25 രൂപയായിരുന്നു. കഴിഞ്ഞമാസം അവസാന ആഴ്ചയിലാണ് കിലോയ്ക്ക് 55 രൂപ കടന്നത്. കഴിഞ്ഞ വർഷം തക്കാളി വില 200 രൂപയോളമെത്തിയിരുന്നു. പിന്നീട് വില കുറഞ്ഞ് കിലോയ്ക്ക് 10 മുതൽ 20 രൂപ വരെയായി. കിലോയ്ക്ക് 10 രൂപവരെയായി കുറഞ്ഞ ഘട്ടത്തിൽ നിരവധി പേർ കൃഷി ഉപേക്ഷിച്ചിരുന്നു. ഇവരിൽ പലരും മറ്റ് കൃഷിയിലേക്ക് തിരിഞ്ഞത് തക്കാളി ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.