ഓണ്‍ലൈൻ തട്ടിപ്പ്; ഓഹരി ഇടപാട്- ലാഭം വാഗ്ദാനം ചെയ്ത് വനിതാ ഡോക്ടറില്‍ നിന്ന്‌ 87 ലക്ഷം തട്ടിയെടുത്തു

 

തിരുവനന്തപുരം : ഓണ്‍ലൈനിലൂടെ ഓഹരി ഇടപാട് നടത്താമെന്നു വിശ്വസിപ്പിച്ച്‌ വനിതാ ഡോക്ടറില്‍ നിന്നു വൻ തുക തട്ടി ഓണ്‍ലൈൻ തട്ടിപ്പ് സംഘം.

ഒരു മാസം കൊണ്ട് 87 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വിദേശത്ത് ഏറെ നാള്‍ ജോലി ചെയ്ത ശേഷം അടുത്തിടെ നാട്ടിലെത്തിയ ഉള്ളൂർ സ്വദേശിനിയായ വനിതാ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. ഡോക്ടറുടെ പരാതിയില്‍ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പതിവായി ഓണ്‍ലൈൻ ട്രേഡിങ് നടത്തുന്ന ഡോക്ടർക്ക് ഒരു മാസം മുൻപ് വാട്സാപ്പില്‍ ഓണ്‍ലൈനില്‍ ഓഹരി ഇടപാടിലൂടെ വൻ തുക ലാഭം നേടാമെന്നു കാണിച്ചു കൊണ്ടുള്ള സന്ദേശം എത്തുകയായിരുന്നു. ഇതിനായി 'സെറോദ' എന്ന മൊബൈല്‍ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ആപ്പ് ഇൻസ്റ്റാള്‍ ചെയ്ത ശേഷം തട്ടിപ്പുകാർ ആവശ്യപ്പെട്ടതനുസരിച്ച്‌ സെപ്റ്റംബർ 25, 26 തീയതികളിലായി 4.50 ലക്ഷം രൂപ നല്‍കി. പിന്നാലെ ഡോക്ടറുടെ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ ലാഭ വിഹിതമായി നല്‍കി വിശ്വാസം ഉറപ്പിച്ചു. ഇതോടെ സംഘത്തെ വിശ്വസിച്ച്‌ ഡോക്ടർ പല തവണകളായി 87 ലക്ഷം രൂപ നല്‍കി.

കഴിഞ്ഞ മാസം 29-നും ഈ മാസം ഒന്നിനുമായി ഒൻപത് ലക്ഷവും എട്ടിന് 10 ലക്ഷം, 17, 18, 19 തീയതികളില്‍ 63.73 ലക്ഷം എന്നിങ്ങനെയുമാണ് ഡോക്ടർ തട്ടിപ്പു സംഘത്തിനു നല്‍കിയത്. ഇതനുസരിച്ച്‌ വ്യാജ ആപ്പിന്റെ വാലറ്റില്‍ ലാഭ വിഹിതം കാണിക്കുകയും ചെയ്തു. എന്നാല്‍, പണം പിൻവലിക്കാൻ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. ഇക്കാര്യം പറഞ്ഞ് സന്ദേശമയച്ചപ്പോള്‍ ഇൻഷുറൻസ് ഇനത്തിലും മറ്റുമായി പണം അടച്ചാലേ തുക പിൻവലിക്കാൻ കഴിയുകയുള്ളൂ എന്നായിരുന്നു മറുപടി. ലാഭ വിഹിതത്തില്‍ നിന്ന് ഈടാക്കാൻ പറഞ്ഞെങ്കിലും നടന്നില്ല. തുടർന്നാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. പിന്നാലെ സൈബർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ