കണ്ണൂർ : കേരള ചിക്കൻ സംരംഭത്തിൽ കുടുംബശ്രീ മിഷനും പങ്കാളികളാകും. പുതുതായി ബ്രോയിലർ ഫാം തുടങ്ങുന്നവർക്കും നിലവിൽ ഫാം നടത്തുന്നവർക്കും പദ്ധതിയിൽ പങ്കാളികളാകാം. കുടുംബശ്രീ അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കോ ചേരാം. ആയിരം മുതൽ പതിനായിരം കോഴികളെവരെ വളർത്തുന്ന യൂണിറ്റ് ആരംഭിക്കാനുള്ള സഹായം കുടുംബശ്രീ നൽകും.
കോഴികളെ വളർത്താൻ ആവശ്യമായ ഷെഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സംരംഭകൻ ഒരുക്കണം. കേരള ചിക്കൻ കമ്പനിക്ക് സെക്യൂരിറ്റി നൽകേണ്ടതില്ല. കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് മറ്റു കാര്യങ്ങൾ എല്ലാം കമ്പനി നൽകുമെന്ന് ജില്ലാ മിഷൻ കോ-ഓഡിനേറ്റർ എം വി ജയൻ പറഞ്ഞു. 40 ദിവസം വളർച്ചയാകുമ്പോൾ കോഴികളെ കമ്പനി തിരിച്ചെടുക്കും. ഒരു കിലോയ്ക്ക് ശരാശരി 13 രൂപ പ്രകാരം ഒരു കോഴിയിൽനിന്ന് 26 രൂപ നാൽപ്പത് ദിവസം കൊണ്ട് ലഭിക്കും. 10,000 കോഴിയെ വളർത്തുന്ന ഒരു സംരംഭകന് എല്ലാ ചെലവും കഴിച്ച് കുറഞ്ഞത് ഒന്നരലക്ഷം രൂപ ലാഭം കിട്ടും. സിഡിഎസുമായി ബന്ധപ്പെടണം.