ന്യൂഡൽഹി : അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തർക്ക് സന്തോഷമേകുന്ന വാർത്തയുമായി വ്യോമയാന മന്ത്രാലയം. വിമാന യാത്രയ്ക്കിടെ ഇരുമുടിക്കെട്ടിൽ നാളികേരം കൊണ്ടുപോകാൻ അനുമതി നൽകി വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻ സെക്യൂരിറ്റീസ് ഉത്തരവിറക്കി.
സുരക്ഷ മുൻനിർത്തിയാണ് ഇരുമുടിക്കെട്ടിൽ നാളികേരം ഇതുവരെ അനുവദിക്കാതിരുന്നത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ അപകടകരമായ വസ്തുക്കളുടെ പട്ടികയിൽ നാളികേരം ഇടംപിടിച്ചിട്ടുണ്ട്. അതിനാൽത്തന്നെ അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് നിറച്ചുകൊണ്ടുവരാൻ സാധിച്ചിരുന്നില്ല.
ഈ നിയമത്തിൽ ഇളവ് വേണമെന്ന് ദീഘനാളുകളായി ശബരിമല തീർത്ഥാടകരുടെ ആവശ്യമാണ്. അതിനാലാണ് മണ്ഡലകാലം തുടങ്ങാൻ ഇരിക്കെ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇളവ് നൽകിയിരിക്കുന്നത്. മണ്ഡലകാലം അവസാനിക്കുന്ന ജനുവരി 20 വരെയാണ് നാളികേരം കൊണ്ടുപോകാൻ അനുമതി. എന്നാൽ കർശനമായ സുരക്ഷാ പരിശോധന ഉണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അവയോട് തീർത്ഥാടകർ സഹകരിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.