റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് രണ്ടുകോടി രൂപ : റിമാൻഡിൽ ചൊക്ലി സ്വദേശിയും

 


തലശ്ശേരി : റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതികൾ പലരിൽ നിന്നായി തട്ടിയത് രണ്ടു കോടിയോളം രൂപ. തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന ചൊക്ലിയിലെ കെ. ശശി ഉൾപ്പെട്ടവരാണ് ഇത്രയും തുക തട്ടിയത്. അന്വേഷണം പൂർത്തിയാകുന്നതോടെ തുക ഇനിയും കൂടാനാണ് സാധ്യത.

നിലവിൽ 13 കേസിൽ ശശി പ്രതിയാണ്. ഇനിയും പരാതികൾ വരാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ആറ് കേസുകളിൽ ശശിക്ക്‌ ജില്ലാ കോടതി ജാമ്യം അനുവദിച്ചെങ്കിലും ജയിലിൽനിന്ന് പുറത്തിറങ്ങാനായില്ല. രണ്ടു കേസുകളിൽ കഴിഞ്ഞദിവസം ജില്ലാകോടതി ശശിയുടെ ജാമ്യാപേക്ഷ തള്ളി.

ചീമേനി, മട്ടന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളിലാണ് ഏറ്റവും ഒടുവിൽ കേസ് രജിസ്റ്റർ ചെയ്തത്. തുടക്കത്തിൽ അഞ്ചു പരാതികളാണുണ്ടായിരുന്നത്. അതിൽ 91.2 ലക്ഷംരൂപ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പിണറായി പോലീസ് കഴിഞ്ഞദിവസം നൽകിയ അന്വേഷണ റിപ്പോർട്ടിൽ 13 കേസുകളുള്ളതായി പറഞ്ഞു. തട്ടിപ്പ് നടത്തിയ സംഭവത്തിലുൾപ്പെട്ട ചില പ്രതികളെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസിൽ കൊല്ലം പുനലൂർ ഐക്കരക്കോണം കക്കോട് ശ്രുതിലയത്തിൽ ശരത് എസ്. ശിവൻ (34), തിരുവനന്തപുരം മലയിൻകീഴ് വിവേകാനന്ദനഗർ അനിഴത്തിൽ കെ.എൽ. ഗീതാറാണി എന്ന ഗീതാ രാജഗോപാൽ (65)എന്നിവരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

രണ്ടും മൂന്നും പ്രതികളായ ഇരുവരും നിലവിൽ 15 കേസുകളിൽ പ്രതികളാണ്. കണ്ണൂർ, കോഴിക്കോട് ജില്ലയിൽ 18 പേർ തട്ടിപ്പിനിരയായി. ഒരാളിൽനിന്ന് 10 ലക്ഷം രൂപ മുതൽ മുകളിലോട്ടാണ് തുക വാങ്ങിയതായാണ് പരാതി. കണ്ണൂർ ജില്ലയിൽ തലശ്ശേരി, പയ്യന്നൂർ, ചക്കരക്കല്ല്, പിണറായി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലാണ് കേസുള്ളത്.

2023 സെപ്റ്റംബർ ഒന്നു മുതൽ 2024 ഫെബ്രുവരി ആറ് വരെ കാലയളവിൽ പണം വാങ്ങി വഞ്ചിച്ചതായാണ് പരാതി. ഓരോ ജോലിക്കും നിശ്ചിത തുകയാണ് വാങ്ങിയത്. ജോലി ലഭിക്കുമെന്ന് ഉറപ്പിച്ചാണ് പലരും പണം നൽകിയത്. ജോലി ലഭിക്കാതായതോടെയാണ് പരാതി നൽകാൻ തുടങ്ങിയത്.

വളരെ പുതിയ വളരെ പഴയ