തിരുവനന്തപുരം: ഹോട്ടലില്‍ ഭക്ഷണം കഴിച്ചതിന് ബില്‍ തുക നല്‍കിയപ്പോള്‍ ബാക്കി നല്‍കിയതില്‍ ഒരു രൂപ കുറഞ്ഞതിന് വൃദ്ധ ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ 15 വർഷം ശിക്ഷിച്ച് സുപ്രധാന ഉത്തരവിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ പോക്സോ കോടതി.
പ്രതിക്ക് കഠിനതടവിന് പുറമെ 50,000 രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. പ്രതി നെടുമങ്ങാട് ആനാട് അജിത് ഭവനില്‍ അജിത്തിനെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷിച്ചത്.
വൃദ്ധ ദമ്പതികളെ ഒരു രൂപയ്ക്ക് വേണ്ടി ക്രൂരമായി ആക്രമിച്ച പ്രതി നിയമത്തിന് മുന്നില്‍ മാപ്പ് അർഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
2015 ഏപ്രില്‍ മൂന്നിന് നെടുമങ്ങാട് പഴകുറ്റിയിലുള്ള ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെടുമങ്ങാട് പഴകുറ്റി സ്വദേശികളും വൃദ്ധ ദമ്ബതിമാരുമായ രഘുനാഥനും ലീലാമണിയും നടത്തുന്ന ലതി ഹോട്ടലിലെത്തിയ പ്രതി അവിടെ നിന്ന് ദോശയും ഓംലെറ്റും കഴിച്ചു. 45 രൂപയായിരുന്നു ബില്‍. പ്രതി 50 രൂപ നോട്ട് നല്‍കി. ചില്ലറ തികയാതിരുന്നതിനാല്‍ ലീലാമണി ബാക്കി നാലു രൂപ തിരികെ നല്‍കി. ഒരു രൂപ കുറവുണ്ടെന്നും അത് വേണമെന്നും പറഞ്ഞ് പ്രതി വഴക്കിട്ടു.
തുടർന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മറ്റൊരാളില്‍ നിന്ന് ഒരു രൂപ വാങ്ങി പ്രതിക്ക് നല്‍കി. പ്രകോപിതനായ പ്രതി കടയില്‍ ചായക്ക് തിളപ്പിച്ചു കൊണ്ടിരുന്ന ചൂടുവെളളം വൃദ്ധ ദമ്പതികളുടെ ദേഹത്തേക്ക് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പൊലീസ് കേസ്.
ലീലാമണിക്കു ഗുരുതരമായി പൊള്ളലേറ്റിരുന്നു. വൃദ്ധ ദമ്പതികളെ ഒരു രൂപയ്ക്ക് വേണ്ടി ക്രൂരമായി ആക്രമിച്ച പ്രതി നിയമത്തിന് മുന്നില്‍ മാപ്പ് അർഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷൻ ആവശ്യവും പരിഗണിച്ചായിരുന്നു കോടതിയുടെ ശിക്ഷാ വിധി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.