പരിയാരം: ജീവിത സമ്പാദ്യമായ രണ്ടു ലക്ഷം രൂപ ചതിയില്‍ തട്ടിയെടുത്ത അയല്‍വാസിക്കെതിരെ നടപടിയാവശ്യപ്പെട്ട് എണ്‍പതുകാരി പരിയാരം പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹസമരം ആറു ദിവസം പിന്നിട്ടു.
ചെറുതാഴം പഞ്ചായത്തിലെ കുളപ്പുറം സി.എസ്.ഐ പള്ളിക്ക് സമീപത്തെ തെങ്ങുവളപ്പില്‍ വീട്ടില്‍ എല്‍സിയാണ് പ്ലക്കാർഡുമേന്തി പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹം നടത്തുന്നത്.2022 ജൂണ്‍ 22ന് രണ്ടു ലക്ഷം അയല്‍ക്കാരന്റെ മകളുടെ ഭർത്താവിന്റെ വ്യാപാരം വിപുലീകരിക്കാനായി നല്‍കിയെന്നാണ് എല്‍സി പറയുന്നത്.രണ്ടു വർഷത്തിനുള്ളില്‍ തുക മടക്കി നല്‍കുമെന്ന വാക്ക് പാലിക്കപ്പെടാത്തതിനെ തുടർന്ന് പരിയാരം എസ്.എച്ച്.ഒക്ക് എല്‍സി പരാതി നല്‍കി.
പൊലീസ് നടത്തിയ ചർച്ചയില്‍ 10 പ്രതിമാസ തവണകളായി തുക മടക്കി നല്‍കാമെന്ന് അയല്‍വാസി എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇവർ വാക്ക് പാലിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 5 ന് പയ്യന്നൂർ ഡിവൈ.എസ്.പിക്ക് എല്‍സി പരാതി നല്‍കി. തുടർന്ന് എതിർകക്ഷിയെ പൊലീസ് വിളിപ്പിച്ചുവെങ്കിലും നല്‍കിയില്ല. ഇതിനെ തുടർന്നാണ് എല്‍സി പരിയാരം പൊലീസ് സ്റ്റേഷന് മുന്നില്‍ റോഡരികിലുള്ള മരച്ചുവട്ടില്‍ സത്യാഗ്രഹം തുടരുന്നത്.
ചെറുതാഴം പഞ്ചായത്തിലെ കുളപ്പുറം സി.എസ്.ഐ പള്ളിക്ക് സമീപത്തെ തെങ്ങുവളപ്പില്‍ വീട്ടില്‍ എല്‍സിയാണ് പ്ലക്കാർഡുമേന്തി പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹം നടത്തുന്നത്. വാർദ്ധക്യ സംബന്ധമായ രോഗങ്ങള്‍ കൊണ്ട് പൊറുതി മുട്ടുന്ന തനിക്ക് മരുന്നിന് പോലും പണമില്ലാത്ത അവസ്ഥയില്‍ തുക തിരിച്ചെടുത്ത് നല്‍കണമെന്നാണ് എല്‍സിയുടെ ആവശ്യം.
തന്റെ ജീവിത സമ്പാദ്യം തട്ടിയെടുത്തവർക്കെതിരെ വയോജന സംരക്ഷണ നിയമപ്രകാരം ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണമെന്നും ചികിത്സക്കും വാർദ്ധക്യകാല ജീവിതത്തിനുമായി സ്വരുക്കൂട്ടിയ തുക വാങ്ങി നല്‍കുവാൻ അടിയന്തിരമായി പൊലീസ് ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം.
ഇതിനിടെ വിവരമറിഞ്ഞ് ഇന്നലെ രാവിലെ സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥർ പരിയാരത്തെത്തി സത്യാഗ്രഹം അനുഷ്ഠിക്കുന്ന എല്‍സിയെ കണ്ട് സംസാരിച്ചു. ഉദ്യോഗസ്ഥർ പൊലീസ് സ്‌റ്റേഷനിലെത്തി എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.