കണ്ണൂർ: വ്യവസായ വകുപ്പിന്റെ കീഴിലെ പൊതുമേഖല സ്ഥാപനമായ കെസിസിപിഎല്ലിന്റെ എല്ലാ ഉൽപ്പന്നങ്ങളും ഇനി ഓൺലൈൻ വിപണിയിലും ലഭ്യമാകും. കമ്പനിയുടെ ഓൺലൈൻ വിൽപനയുടെയും ഓണം വിലക്കുറവ് പദ്ധതിയുടെയും ഉദ്ഘാടനം കമ്പനി ചെയർമാൻ ടി വി രാജേഷ് കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രതിക്ക് നൽകി നിർവ്വഹിച്ചു.
ഓൺലൈൻ മുഖാന്തിരമുള്ള ഓർഡർ തപാൽ വകുപ്പ് ജീവനക്കാരി മൊട്ടമ്മൽ പോസ്റ്റ് വുമൺ എം ഷിതയ്ക്ക് കൈമാറി. www.kshoppe.in കെ-ഷോപ്പി ഇ-കോമേഴ്‌സ് പോർട്ടലിലൂടെ വാങ്ങുന്ന ഉൽപ്പന്നങ്ങൾ തപാൽവകുപ്പ് വഴിയാണ് ഉപഭോക്താവിന് വീട്ടിൽ ലഭിക്കുക.
പൊതുമേഖല സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ഓൺലൈൻ വിപണി കണ്ടെത്താനായി വ്യവസായ വകുപ്പ് കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത കെ-ഷോപ്പി ഇ-കോമേഴ്‌സ് പോർട്ടലിൽ 19 പൊതുമേഖലാ സ്ഥാപനങ്ങളുടെ 350 ഉൽപ്പന്നങ്ങളാണ് വിൽപ്പനയ്ക്കുള്ളത്.
കെസിസിപിഎൽ കമ്പനിയുടെ നാളികേര അധിഷ്ഠിത ഉൽപ്പന്നങ്ങളായ തേങ്ങാപ്പാൽ, വെർജിൻ കോക്കനട്ട് ഓയിൽ, ഡെസിക്കേറ്റഡ് കോക്കനട്ട് പൌഡർ, കൂടാതെ ആന്റിസെപ്റ്റിക്‌സ് ആന്റ് ഡിസിൻഫെക്ടെന്റ്‌സ്, ഹാൻഡ് വാഷ്, ഫ്‌ലോർക്ലീനർ , കയർപിത്ത് കംപോസ്റ്റ് മുതലായവ ഓൺലൈൻ പോർട്ടലിൽ ലഭ്യമാണ്.
ആദ്യഘട്ടത്തിൽ തന്നെ കമ്പനിക്ക് നിരവധി ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. കെ-ഷോപ്പി സംവിധാനത്തിലൂടെ കമ്പനിയുടെ എല്ലാ ഉൽപ്പന്നങ്ങളും ഇന്ത്യയിലെവിടെയുമുള്ള ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിയും.
ഓണത്തിന് കമ്പനിയുടെ വെർജിൻ കോക്കനട്ട് ഓയിലിന്റെ റീട്ടെയിൽ വിലയുടെ 20 ശതമാനവും തേങ്ങാപ്പാൽ, ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ എന്നിവയ്ക്ക് റീട്ടെയിൽ വിലയുടെ 15 ശതമാനവും പ്രത്യേക കിഴിവ് ലഭ്യമാകും കമ്പനിയുടെ കണ്ണപുരം, കരിന്തളം, പഴയങ്ങാടി മാങ്ങാട്ടു പറമ്പിലും കമ്പനിയുടെ എല്ലാ പെട്രോൾ പമ്പുകളിലും ഉത്പന്നങ്ങൾ ലഭ്യമാകും.