വയനാട് :ഓർക്കാനിഷ്ടമില്ലാത്ത നാളുകൾക്ക് വിട നൽകി അതിജീവനത്തിനായി വീണ്ടും ചൂരൽമലയിലെ തോട്ടം തൊഴിലാളികൾ. ഉരുൾപ്പൊട്ടൽ ദുരന്തത്തിന് ശേഷം ഇതാദ്യമായാണ് ഹാരിസൺ മലയാളം പ്ലാന്റേഷനിൽ തൊഴിലാളികൾ എത്തുന്നത്. നേരത്തെ, വിളവെടുപ്പ് ജോലികൾ പുനരാരംഭിക്കുന്നതിന് അനുമതി തേടി കമ്പനി അധികൃതരെ സമീപിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളോടെ ജോലികൾ തുടങ്ങുന്നതിന് സർക്കാർ അനുമതി നൽകുകയായിരുന്നു. രാവിലെ തന്നെ തൊഴിലാളികൾ തോട്ടം മേഖലയിലെത്തി. ഉരുൾ പൊട്ടലിൽ മരിച്ചവർക്കായി അനുശോചന യോഗത്തോടെയാണ് പണികൾ തുടങ്ങിയത്. എച്ച് എം എൽ പ്ലാൻ്റേഷനിൽ എത്തിയ തൊഴിലാളികൾ ജോലി തുടങ്ങി.
അതേസമയം, വൈകിട്ട് 3 മണി വരെയാണ് ജോലി ചെയ്യാൻ അനുമതിയുള്ളത്. മഴയുള്ളപ്പോൾ ജോലി ചെയ്യരുത്, കൊണ്ടുവരുന്ന ഭാരം തുടങ്ങിയവയിൽ നിയന്ത്രണങ്ങളേപ്പെaടുത്തിയിട്ടുണ്ട്. ഒന്നരമാസത്തിനു ശേഷമാണ് തൊഴിലാളികളെത്തുന്നത്. കുറച്ചുപേരാണ് ജോലിക്കെത്തിയിട്ടുള്ളത്. പ്രാരംഭ ജോലികൾ ആരംഭിച്ചു കഴിഞ്ഞുവെന്നും തേയില മൂപ്പെത്തിയതിനാൽ വെട്ടിയതിൽ കുറച്ചു ഭാഗമേ ഉപയോഗിക്കാനാകൂവെന്നും തൊഴിലാളികൾ പറയുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളെത്തുമെന്നാണ് പ്രതീക്ഷ.