ഇന്ത്യയുടെ അഭിമാന സ്തംഭമായ താജ് മഹലിൽ കനത്ത മഴയെ തുടർന്ന് വിള്ളലുകളും കേടുപാടുകളും കണ്ടെത്തി. തറയിലും ചുവരിലും അടക്കം പലയിടത്തായാണ് ഈ വിള്ളലുകൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ആഗ്രയിൽ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേടുപാടുകൾ വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
താജ് മഹലിൻ്റെ പ്രധാന കവാടത്തോട് ചേർന്ന് ചുവരിൽ എഴുതിയിരിക്കുന്ന ഖുറാൻ വചനങ്ങളുടെ സ്ഥാനം തെറ്റിയെന്ന് ടൂറിസ്റ്റ് ഗൈഡ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് ദീപക് ദൻ കുറ്റപ്പെടുത്തുന്നു. പുരാവസ്തു വകുപ്പിൻ്റെ പഠനത്തെ ചോദ്യം ചെയ്ത അദ്ദേഹം, താജ് മഹൽ ലോകപ്രശസ്തമായതിനാൽ എല്ലാ നെഗറ്റീവ് പ്രചാരണവും വളരെവേഗം ലോകമാകെ പരകുമെന്നും മുന്നറിയിപ്പ് നൽകി.
ടൈംസ് ഓഫ് ഇന്ത്യയാണ് താജ് മഹലിലെ വിള്ളലുകൾ സംബന്ധിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്. മഴവെള്ളം അതിശക്തമായി കെട്ടിടത്തിന് പുറത്തൂടെ ഒഴുകി വന്നതാണ് വിള്ളലുണ്ടാകാൻ കാരണമെന്ന് കരുതുന്നു. എന്നാൽ, പുരാവസ്തു വകുപ്പിൻ്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം വ്യത്യസ്തമാണ്. അതിശക്തമായി തുടർച്ചയായി പെയ്തത് മൂലമുണ്ടായ ചെറിയ തകരാർ മാത്രമാണെന്നും ഗുരുതരമായ ഘടനാ പരമായ വെല്ലുവിളി താജ്മഹൽ നേരിടുന്നില്ല എന്നുമാണ് അവരുടെ നിലപാട്.