കേരളം: കോഴിക്കോട്: 72 ദിവസത്തെ സങ്കടക്കാത്തിരിപ്പിനൊടുവിൽ ഇന്നലെയാണ് ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തിയത്. അർജുനെവിടെ എന്ന ഉള്ളിലെ വലിയ ചോദ്യത്തിന് ഉത്തരം കിട്ടിയെന്നായിരുന്നു അർജുന്റെ സഹോദരി അഞ്ജുവിന്റെ പ്രതികരണം.
‘അവനെ അവിടെ വിട്ട് പോരാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. ഈ അവസരത്തിൽ ഞങ്ങളെ ചേർത്തുപിടിച്ച ധാരാളം ആളുകളുണ്ട്. ഡ്രഡ്ജിംഗ് സാധ്യമാക്കിയ കർണാടക സർക്കാരിനോട്, ഒപ്പം നിന്ന എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. യൂട്യൂബ് ചാനലുകളുടെ വ്യാജവാർത്തകള്‍ വിഷമിപ്പിച്ചുവെന്നും അഞ്ജു വ്യക്തമാക്കി. അപ്പോഴും കുടുംബം ഒറ്റക്കെട്ടായി കാത്തിരുന്നു. അർജുനെ അവിടെ ഇട്ട് പോരില്ലെന്ന് മനസിലുറപ്പിച്ചിരുന്നെന്നും അഞ്ജു പറഞ്ഞു.
രാപ്പകലില്ലാതെ കഷ്ടപ്പെട്ടവർക്ക് നന്ദിയെന്നായിരുന്നു അഞ്ജുവിന്റെ ഭർത്താവ് ജിതിൻ പറഞ്ഞത്. മൂന്നാം ഘട്ടത്തിൽ അർജുനെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു എന്നും ജിതിൻ കൂട്ടിച്ചേർത്തു. അതേ സമയം അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് ഇന്ന് തുടക്കമാകും. അർജുന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ട്. എല്ലിന്റെ ഒരു ഭാഗമെടുത്താണ് മംഗളൂരു എഫ്എസ്എൽ ലാബിലേക്ക് അയിച്ചിരിക്കുന്നത്. മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോറി ഗംഗാവലി പുഴയിൽ നിന്നും കരകയറ്റാനുള്ള ദൗത്യവും ഇന്ന് ആരംഭിക്കും. ക്രെയിനിലെ വടം പൊട്ടിയതോടെയാണ് ഇന്നലെ ദൗത്യം അവസാനിപ്പിച്ചത്. ഷിരൂരിൽ കാണാതായ രണ്ട് പേർക്കുള്ള തെരച്ചിൽ ഇന്നും തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.