ചെലവഴിച്ച തുകയുടെ കണക്കല്ല മാധ്യമങ്ങളില്‍ വന്നിരിക്കുന്നത്. കേന്ദ്രത്തിന് തയ്യാറാക്കി നല്‍കിയ, പ്രതീക്ഷിക്കുന്ന ചെലവുകളുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ദുരന്തം നടന്നതിനു ശേഷം കേന്ദ്രസര്‍ക്കാരിന് കേരളം ഒരു മെമ്മോറാന്‍ഡം നല്‍കിയിരുന്നു. അതിലുണ്ടായിരുന്ന കണക്കാണിത് . ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയിലാണ് ഈ കണക്ക് തയ്യാറാക്കിയത്. പ്രതീക്ഷിക്കുന്ന ചെലവ് എന്ന നിലയിലാണ് ഈ കണക്ക് നല്‍കിയത്. കേരളത്തിന് പുനരധിവാസ പാക്കേജ് ലഭിക്കുന്നതിനായി നല്‍കിയ കണക്കാണിത്. ഹൈക്കോടതി ആവശ്യപ്പെട്ടപ്പോള്‍ ഇതേ കണക്കുകള്‍ത്തന്നെ സത്യവാങ്മൂലത്തില്‍ സമർപ്പിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ചെലവഴിച്ച തുക സംബന്ധിച്ച കൃത്യമായ കണക്കുകള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം പുറത്തുവിടുമെന്നും എല്ലാം സംശയങ്ങളും ദുരീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വൈകാതെ വാര്‍ത്താ സമ്മേളനത്തില്‍ കണക്ക് പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു.