പാനൂരിൽ ഗർഭാശയം പുറത്തായി നാട്ടുകാർക്ക് നൊമ്പരക്കാഴ്ചയായ തെരുവുനായയുടെ ചികിത്സക്കായി ഇടപെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മന്ത്രിയുടെ നിർദ്ദേശപ്രകാരം നായയെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രീയ നടത്തി. നായപ്രേമികളുടെ അഭ്യർത്ഥന മാനിച്ചാണ് സുരേഷ് ഗോപി വിഷയത്തിലിടപെട്ടത്.
പാനൂർ ടൗണിലെത്തുന്നവർക്ക് മുന്നിലൂടെ കൊടും വേദന സഹിച്ച് ഇഴഞ്ഞു നീങ്ങുന്ന തെരുവുനായ ഒരു പ്രദേശത്തിൻ്റെയാകെ നൊമ്പരക്കാഴ്ചയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ് നടന്ന നായയെ എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലായിരുന്നു നാട്ടുകാർ. നഗരസഭയാകട്ടെ ഇത് തങ്ങളുടെ ഉത്തരവാദിത്വമേയല്ല എന്ന നിലപാടും പുലർത്തി. ഒരു പ്രദേശത്തിൻ്റെ യാകെ നൊമ്പരക്കാഴ്ചയായ മിണ്ടാപ്രാണിയെ സംരക്ഷിക്കാൻ ആര് രംഗത്തുവരുമെന്ന് നാട്ടുകാർ ഉറ്റുനോക്കുമ്പോഴാണ് അപ്രതീക്ഷിതമായി രക്ഷകൻ്റെ റോളിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെത്തുന്നത്. പാനൂരിലെ തെരുവു നായ പരിപാലന സംഘത്തിലെ അംഗമായ അരയാക്കൂലിലെ സിന്ധു നായയുടെ വീഡിയൊകൾ ബിജെപി നേതാവ് ലസിതാ പാലക്കൽ വഴി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു. അരമണിക്കൂറിനകം കേന്ദ്രമന്ത്രിയുടെ ഓഫീസിൽ നിന്നും സിന്ധുവിന് തിരികെ വിളിയെത്തി. നായയെ എത്രയും വേഗം വിദഗ്ധ ചികിത്സക്കെത്തിക്കണമെന്നും, ചികിത്സാ ചെലവ് മുഴുവനും വഹിക്കാമെന്നും ഓഫീസിൽ നിന്നും അറിയിച്ചു. ഇതനുസരിച്ച് ബുധനാഴ്ച രാവിലെ നായ പിടുത്തക്കാരൻ സിനീഷ്, നാട്ടുകാരനായ രഞ്ജിത്ത് ബാബു എന്നിവരടങ്ങുന്ന സംഘം നായയെ പിടികൂടാനിറങ്ങി. രക്ഷപ്പെടാനായി തലങ്ങും വിലങ്ങും ഓടിയ നായയെ 3 മണിയോടെയാണ് പിടികൂടാനായത്. ഉടൻ തന്നെ ഓട്ടോയിൽ കണ്ണൂരിൽ എത്തിച്ചു.. കണ്ണൂരിലെ പ്രശസ്ത മൃഗ ഡോക്ടർ ജയമോഹൻ്റെ ക്ലിനിക്കിലാണ് നായക്കുള്ള ചികിത്സ നടക്കുന്നത്. നായയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.