കേരളം: സംസ്ഥാനത്ത് പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ഈ മാസം മാത്രം 2,54,416 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. സെപ്റ്റംബർ ഒന്ന് മുതൽ 26 വരെയുള്ള കണക്കാണിത്.
പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടിയവരില്‍ രണ്ടു പേർ മരിച്ചു. 1899 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അതിൽ മൂന്നുപേർ മരിച്ചു. 339 എലിപ്പനി സ്ഥിരീകരിച്ചു. 24 പേർ മരണത്തിന് കീഴടങ്ങി.
കൂടുതലും വൈറല്‍ പനിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും എലിപ്പനി, ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തുന്നവരും നിരവധിയുണ്ട്. ഓരോ ദിവസവും പതിനായിരത്തിലധികം രോഗികളാണ് ആശുപത്രികളിൽ എത്തുന്നത്. സ്വകാര്യ ആശുപത്രികളിലും ദിനംപ്രതി ആയിരത്തിലധികം ആളുകൾ ചികിത്സ തേടുന്നുണ്ട്.
കൂടുതൽ ആളുകൾ പനി പിടിച്ച് ചികിത്സ തേടുന്നത് മലപ്പുറം ജില്ലയിലാണ്. 24, 25, 26 തീയതികളിൽ 2165, 2118, 1725 എന്നിങ്ങനെയാണ് മലപ്പുറത്തെ രോഗികളുടെ എണ്ണം. ജലദോഷം, തൊണ്ട വേദന, ചുമ, കഫക്കെട്ട്, ശരീരവേദന, തലവേദന എന്നിവയാണ് പകർച്ചപ്പനിയുടെ ലക്ഷണങ്ങൾ.
പല സ്ഥലങ്ങളിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദിനംപ്രതിയുള്ള കണക്കു പരിശോധിക്കുമ്പോള്‍ പനിക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വര്‍ധനവാണുള്ളത്. പനിക്ക് പുറമെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ക്ഷീണമാണ് രോഗികളെ അലട്ടുന്നത്.
വിവിധ തരം പനികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സ്വയം ചികിത്സ പാടില്ലെന്നും ഡോക്‌ടർമാരുടെ നിർദേശപ്രകാരം മാത്രമേ മരുന്നു കഴിക്കാൻ പാടുള്ളുവെന്നും ആരോഗ്യ വിഭാഗം നിർദേശിക്കുന്നു.