വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയറിന് കണ്ണൂരിൽ ഇന്ന് തുടക്കമാവും

 


കണ്ണൂർ:വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയറിന് കണ്ണൂരിൽ സെപ്റ്റംബർ ആറ് വെള്ളിയാഴ്ച തുടക്കമാകും. ജില്ലാ ഫെയർ ആറിന് രാവിലെ 11 മണിക്ക് കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ രജിസ്‌ട്രേഷൻ, പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.  മേയർ മുസ്‌ലിഹ്  മഠത്തിൽ  അധ്യക്ഷനാകും.

 ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ മുഖ്യാതിഥിയാവും. കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ആദ്യ വിൽപന നിർവഹിക്കും.

വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എൻ സുകന്യ, വെള്ളോറ രാജൻ, അഡ്വ. റഷീദ് കവ്വായി, എം പി മുഹമ്മദലി, എം ഉണ്ണികൃഷ്ണൻ, ജോയ് കൊന്നക്കൽ, ധീരജ് സി, അസ്ലം പിലാക്കിൽ, വി കെ ഗിരിജൻ, അശോകൻ പി സി, രതീഷ് ചിറക്കൽ, ടി സി മനോജ് തുടങ്ങിയവർ സംസാരിക്കും. ജില്ലാ സപ്ലൈ ഓഫീസർ ജോർജ് കെ. സാമുവൽ  സ്വാഗതവും സപ്ലൈകോ കണ്ണൂർ ഡിപ്പോ മാനേജർ ഷാജു കെ എം നന്ദിയും പറയും.

സപ്ലൈകോയിൽ വിലക്കുറവും ഡീപ്പ് ഡിസ്‌കൗണ്ട് അവേഴ്‌സും

സെപ്റ്റംബർ ആറിന് തുടങ്ങി രാവിലെ 9.30 മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കുന്ന സപ്ലൈകോ ഓണം ഫെയറിൽ പതിമൂന്നിന സബ്‌സിഡി സാധനങ്ങൾക്ക് പുറമേ, പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം ഉൽപ്പന്നങ്ങൾക്ക് വൻവിലക്കുറവാണ് സപ്ലൈകോ നൽകുന്നത്. 

നെയ്യ്, തേൻ, കറിമസാലകൾ, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ,  പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജന്റുകൾ, ഫ്‌ളോർ ക്ലീനറുകൾ, ടോയ്‌ലെറ്ററീസ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് 45% വരെ വിലക്കുറവും, പ്രത്യേകം ഓഫറുകളും നൽകുന്നുണ്ട്.  

സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും  പ്രത്യേക വിലക്കുറവും കോംബോ ഓഫറുകളും നൽകുന്നുണ്ട്. ശബരി സിഗ്‌നേച്ചർ കിറ്റ് എന്ന പേരിൽ ആകർഷകമായ കാരിബാഗിൽ 55 രൂപയുടെ ആറ് വിവിധ ശബരി ഉൽപ്പന്നങ്ങൾ 189 രൂപയ്ക്ക് നൽകും

ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ ആറ് മുതൽ ഓണം ഫെയറുകളിലും സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകളിലും ഡീപ്പ് ഡിസ്‌കൗണ്ട് അവേഴ്‌സ് നടപ്പാക്കും. 

വിവിധ സബ്‌സിഡി ഇതര സാധനങ്ങൾക്ക് സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേ 10% വരെ വിലക്കുറവായിരിക്കും ഡീപ്പ് ഡിസ്‌കൗണ്ട് അവേഴ്‌സിൽ നൽകുക.  വിവിധ ഉൽപ്പന്നങ്ങൾക്ക് എംആർപിയേക്കാൾ, 50% വരെ വിലക്കുറവ് ഈ മണിക്കൂറുകളിൽ ലഭിക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ നാലുമണിവരെ ആയിരിക്കും ഡീപ്പ് ഡിസ്‌കൗണ്ട് അവേർസ്. 

സെപ്റ്റംബർ 14 വരെയാണ് ഓണം ഫെയർ സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു പ്രധാന വിൽപനശാലയുടെ പരിസരത്ത് ഓണം ഫെയറുകൾ സെപ്റ്റംബർ 10 മുതൽ 14 വരെ സംഘടിപ്പിക്കുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ