'മാസ്‌ക് നിര്‍ബന്ധമാക്കി, കടകള്‍ 10 മുതല്‍ 7 വരെ മാത്രം, തിയേറ്ററുകള്‍ തുറക്കരുത്'; മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കുന്നു.


മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ടെയ്‌മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല. തിയേറ്ററുകള്‍ അടച്ചിടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്ബാട്ടെ എഴാം വാര്‍ഡിലുമാണ് നിയന്ത്രണം കടുപ്പിച്ചത്. ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഓണാവധി ആയതിനാല്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയ പ്രവര്‍ത്തിക്കാത്തത് ആശ്വാസകരമാണ്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ സര്‍വെ ആരംഭിച്ചു.

കണ്ടെയ്‌മെന്റ് സോണുകളിലെ വീടുകളിലെത്തി പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ആരോഗ്യപ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് സര്‍വെ നടത്തുന്നത്. നിപ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ എത്രയും വേഗം ഐസൊലേഷനിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

നിലവിലെ സമ്ബര്‍ക്കപ്പട്ടികയിലുള്ള 151 പേരില്‍ മൂന്നു പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. അഞ്ചുപേരാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. ഇതില്‍ മൂന്നുപേര്‍ക്കാണ് രോഗലക്ഷണം കണ്ടത്. മരിച്ച വിദ്യാര്‍ത്ഥിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത കുട്ടികളെയും കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. സമ്ബര്‍ക്കപ്പട്ടിക വിപുലീകരിക്കാനും ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു.

വളരെ പുതിയ വളരെ പഴയ