ഇന്ന് തിരുവോണം ആഘോഷിക്കുകയാണ് കേരളം. സമത്വത്തിന്റെയും വിശ്വമാനവികതയുടെയും സന്ദേശം പകരുന്ന മഹത്തായ ഉത്സവമാണിത്. കവി വൈലോപ്പിള്ളി ശ്രീധരമേനോൻ എഴുതിയതുപോലെ, മലനാടിന്റെ വായുവിലുള്ള മധുരോദാരവികാരമാണ് ഓണം. തുമ്പപ്പൂക്കളും നറുമുക്കുറ്റികളും നെയ്യാമ്പലുകളുമായി പ്രകൃതി ഒരുക്കിയ സ്വീകരണപ്പന്തലിലൂടെയാണ് മാവേലി മന്നന്റെ വരവ്.
കാർഷികസംസ്‌കാരത്തിന്റെ വിളവെടുപ്പുൽസവമായ ഓണത്തിന് മാവേലിയുടെ ഐതിഹ്യം മറ്റൊരു പൂത്താലിയാണ്. കള്ളവും ചതിയുമില്ലാത്ത ഒരു നല്ല കാലത്തിന്റെ സ്മരണ പുതുക്കലായി അത് മാറുന്നു. നാടിന് നന്മ മാത്രം ചെയ്യാനാഗ്രഹിച്ച ഒരു ഭരണാധികാരിയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്ന അപൂർവ്വമായ ഉത്സവമാണിത്. പൂക്കളവും പൂവിളികളും കഴിഞ്ഞാൽ ഓണസദ്യയും കൈക്കൊട്ടിക്കളിയും ഓണപ്പാട്ടുകളും ഓണത്തല്ലും വടംവലിയുമൊക്കെയായി ആഘോഷങ്ങൾ തുടരും.
തിരുവോണത്തിന്റെ നിറസമൃദ്ധിയിലേക്ക് നാം കടക്കുമ്പോൾ ദുരിതങ്ങളിൽപ്പെട്ടുഴലുന്നവരെ മറക്കാതിരിക്കാം. ഉള്ളവൻ ഇല്ലാത്തവനു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ അതിന്റെ പൂർണതയിലെത്തിക്കാം. മതജാതി വേർതിരിവുകൾക്കപ്പുറം ഒരുമയുടെ സന്ദേശമാണ് മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമായ ഈ ആഘോഷം മുന്നോട്ടുവയ്ക്കുന്നത്. എല്ലാവർക്കും സന്തോഷകരമായ തിരുവോണം ആശംസിക്കുന്നു.