ഹയർ സെക്കന്ററി പരീക്ഷ 4മുതൽ: ചോദ്യപേപ്പറിനായി അധ്യാപകർ നെട്ടോട്ടത്തിൽ.

 


തിരുവനന്തപുരം:ഹയർ സെക്കൻഡറി ഒന്നാം പാദവാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ അതത് അധ്യാപകർ തയ്യാറാക്കി പരീക്ഷ നടത്തണം എന്ന കർശന നിർദേശം പരീക്ഷാ നടത്തിപ്പിൽ ആശങ്ക സൃഷ്ടിക്കുന്നു. പ്ലസ് ടു അധ്യാപകർ സ്വന്തമായി തയാറാക്കിയ ചോദ്യക്കടലാസ് മാത്രമേ ഒന്നാം പാദവാർഷിക പരീക്ഷയ്ക്ക് ഉപയോഗിക്കാവു എന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയതോടെയാണ് അധ്യാപകർ പ്രതിസന്ധിയിലായത്. 

ഒന്നുമുതൽ 10വരെ ക്ലാസുകളിലെ പരീക്ഷകൾക്ക് വിദ്യാഭ്യാസവകുപ്പാണ് ചോദ്യപേപ്പർ തയ്യാറാക്കി നൽകുന്നത്. പ്ലസ് വൺ ക്ലാസുകൾക്ക് ഈ വർഷം ഒന്നാംപാദ പരീക്ഷയും ഇല്ല. എന്നാൽ പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അതത് അധ്യാപകർ തയാറാക്കിയ ചോദ്യപേപ്പർ വേണം എന്ന നിബന്ധനയാണ്  വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്നത്. പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഉത്തരവ് വന്നത്. കഴിഞ്ഞ വർഷം അധ്യാപകരുടെ കൂട്ടായ്മയിലും സംഘടനകൾ മുഖേനയുമൊക്കെ ചോദ്യപേപ്പർ തയാറാക്കി പരീക്ഷ നടത്തിയെങ്കിലും ഈ വർഷം അത്തരത്തിൽ കൂട്ടായ രീതിയിൽ ചോദ്യപേപ്പർ തയാറാക്കാൻ പറ്റില്ലെന്നും അതത് അധ്യാപകർ ഒറ്റയ്ക്ക് ചോദ്യപേപ്പർ തയാറാക്കി പരീക്ഷ നടത്തണം എന്നുമാണ് നിർദേശം. 

ചോദ്യം തയാറാക്കാൻ അധ്യാപകർ തയാറാണെങ്കിലും ഇതു സംബന്ധിച്ച സാങ്കേതിക അറിവും മുൻപരിചയവും പല അധ്യാപകർക്കും ഇല്ല.പരീക്ഷ ആരംഭിക്കാൻ 2 ദിവസം ബാക്കി നിൽക്കെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് പല സ്കൂളുകളും. ചോദ്യങ്ങൾ തയാറാക്കി ഇവയുടെ ഡിടിപി, പ്രിന്റിങ് പോലുള്ള ജോലികൾ ചെയ്‌ത് തീർക്കാനും സമയം വേണം. 

ചോദ്യങ്ങൾ സ്വകാര്യ സ്ഥാപനങ്ങളെ ഏൽപ്പിക്കേണ്ടി വരുന്നതും ഇതിനുള്ള ഭീമമായ ചെലവും അധ്യാപകരുടെ മുന്നിലെ ചോദ്യചിഹ്നമാണ്. പ്രിന്റിങ്ങിന് ചാർജായി വിദ്യാർഥികളിൽ നിന്ന് പണം ഈടാക്കേണ്ടിയും വരും. ഡിടിപി സെന്ററുകളിലും പ്രെസുകളിലും നൽകുന്നതിലൂടെ ചോദ്യപ്പേപ്പറിന്റെ രഹസ്യസ്വഭാവം ഇല്ലാതാകും. 

പഠിപ്പിക്കുന്ന അധ്യാപകർ തന്നെ ചോദ്യങ്ങൾ തയാറാക്കുന്നതും പരീക്ഷയുടെ ഗൗരവത്തെ ഇല്ലാതാക്കും. ഒന്നാംപാദ പരീക്ഷ, ക്ലാസ് പരീക്ഷയായി മാറുമെന്നും അധ്യാപകർ പറയുന്നു. ഇത്തരത്തിൽ പരീക്ഷ നടത്തുന്നത് പ്ലസ് ടു വിദ്യാർത്ഥികളുടെ ബോർഡ് പരീക്ഷയിലെ പ്രകടനത്തെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ