കണ്ണൂർ: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ വിദര്‍ഭക്കും തെലങ്കാനക്കും മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറുമെന്നും ഇത് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.
അടുത്ത 7 ദിവസം വ്യാപകമായി നേരിയ ഇടത്തരം മഴക്കും ഒറ്റപെട്ട സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 4 -ാം തീയതിവരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം വടക്ക് – പടിഞ്ഞാറന്‍ അറബിക്കടലിലെ അസ്ന ചുഴലിക്കാറ്റ് തീവ്ര ന്യുനമര്‍ദ്ദമായി ശക്തി കുറഞ്ഞുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.