കേരളം :സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
1952 ആഗസ്റ്റ് 12-ന് മദ്രാസിൽ സർവേശ്വര സോമയാജി യെച്ചൂരി കൽപ്പകം യെച്ചൂരി ദമ്പതികളുടെ മകനായി ജനിച്ച യെച്ചൂരി, പഠനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ച വ്യക്തിയായിരുന്നു. ദിൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ജെ.എൻ.യുവിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം, ജെ.എൻ.യുവിൽ വച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായത്.
1974-ൽ എസ്എഫ്‌ഐയിൽ അംഗമായ യെച്ചൂരി, മൂന്നുവട്ടം ജെ.എൻ.യു സർവകലാശാല യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പഠനകാലത്ത് തന്നെ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന അദ്ദേഹം, പിന്നീട് സിപിഐ(എം) പാർട്ടിയിൽ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായി വളർന്ന യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ നഷ്ടമാണ്.