30 വർഷം കിടക്കയിൽ, കാണാനെത്തിയത് പ്രമുഖർ!ചരിത്രത്തിൽ ഇടം പിടിച്ച് മേനപ്രത്തെ പുതുക്കുടി പുഷ്പൻ്റെ ഭവനം

 

ജബ്ബാർ ചെണ്ടയാട്
 കൂത്ത്പറമ്പ് വെടിവെപ്പിൽ വെടിയേറ്റ പുതുക്കുടി പുഷ്പൻ എന്ന സഖാവ് പുഷ്പൻ കഴിഞ്ഞ 30 വർഷമായി ശരീരം തളർന്ന് വീട്ടിലെ കിടക്കയിലായിരുന്നു. 1994 നവംബർ 25 ന് കൂത്ത്പറമ്പിൽ വെച്ച് വെടിയേറ്റ അന്ന് മുതലാണ് പുഷ്പൻ കിടപ്പിലായത്.

 മന്ത്രിയായിരിക്കെ എം.വി. രാഘവനെ തടയാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മുൻനിരയിലായിരുന്ന പുഷ്പന് 5 മീറ്റർ അകലെ വെച്ചാണ് കഴുത്തിന് വെടിയേറ്റത്. ഇതേ തുടർന്ന് കിടപ്പിലായ പുഷ്പന് കഴിഞ്ഞ 30 വർഷവും പാർട്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സ്വന്തം വീട് പണിത് അതിൽ ആധുനിക സൗകര്യമുള്ള മുറിയൊരുക്കി. കഴിഞ്ഞ 30 വർഷവും പാർട്ടിയുടെ നിരന്തര ശ്രദ്ധയിലായിരുന്നു പുഷ്പൻ. 48 ദിവസമായി കോഴിക്കോട് സ്വകാര്യാശുപത്രിയിലെ  വെൻ്റിലേറ്ററിൽ കഴിയുന്ന സഖാവിന് ഓരോ ദിവസവും ഓരോ സഖാവായിരുന്നു കൂട്ടിരിപ്പ്.

 പാർട്ടി യുവതയുടെ ആവേശമായിരുന്ന പുഷ്പന് വീടിന് സമീപത്തായി അന്ത്യവിശ്രമമൊരുക്കി ജില്ലയിലെത്തുന്ന അഖിലേന്ത്യ നേതാവുൾപ്പെടെയുള്ളവർ പുഷ്പനെ കാണാതെ മടങ്ങാറില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദൻ തുടങ്ങിയ മുഖ്യമന്ത്രിമാരും ഇവിടെയെത്തിയിട്ടുണ്ട്.

 കമ്യൂണിസ്റ്റ് നേതാവ് ചെഗുവേരയുടെ ചെറുമകൾ അലിഡ ഗുവേര തുടങ്ങിയ വിദേശ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും ഇവിടെയെത്തിയ പ്രമുഖർ തന്നെ. സ്പീക്കർ, മന്ത്രിമാർ തുടങ്ങിയവരും പുഷ്പനെ നിത്യവും സന്ദർശിക്കാറുണ്ട്. പുഷ്പന് പുറമെ കുടുംബത്തെയും സി പി എം സംരക്ഷിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി വി.എസ്. അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പുഷ്പൻ്റെ സഹോദരൻ പ്രകാശന് റവന്യു വകുപ്പിൽ ജോലി നൽകി. ഇപ്പോൾ തലശേരി താലൂക്ക് ഇലക്ഷൻ വിഭാഗത്തിലാണ് പ്രകാശൻ ജോലി നോക്കുന്നത്.

 സംസ്ഥാനത്തെ ഒന്നാകെ പാർട്ടിയുടെ പോരാട്ട മുഖമായിരുന്ന  പുഷ്പൻ എക്കാലത്തും സഖാക്കൾക്കിടയിൽ ആവേശമായി ജ്വലിക്കും.

വളരെ പുതിയ വളരെ പഴയ