Zygo-Ad

പുതുക്കിയ കെട്ടിടനിർമാണ പെർമിറ്റ്‌ ഫീസ്‌ ഇന്നുമുതൽ.


കെട്ടിടനിർമാണ പെർമിറ്റ് ഫീസിൽ സർക്കാർ അനുവദിച്ച ഇളവ്‌ വ്യാഴം മുതൽ പ്രാബല്യത്തിൽ. 60 ശതമാനം വരെയാണ് ഇളവ്‌. 81 മുതൽ 300 ചതുരശ്ര മീറ്റർ വരെ വിസ്‌തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയും. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള വീടുകൾക്ക്‌ 60 ശതമാനം കുറയും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവ് വരും. കെട്ടിടനിർമാണ അപേക്ഷ ഫീസും ലേഔട്ട് അപ്രൂവലിനുള്ള സ്ക്രൂട്ട്നി ഫീസും കുറയും.

പുതുക്കിയ നിരക്കനുസരിച്ച്‌ പെർമിറ്റ് ഫീസ്‌ ഈടാക്കുന്നതിനുള്ള ക്രമീകരണം ഐഎൽജിഎംഎസിലും കെ സ്‌മാർട്ടിലും ഏർപ്പെടുത്തി. നേരത്തെ അപേക്ഷിച്ചതനുസരിച്ച്‌ പെർമിറ്റ്‌ ഫീസ്‌ ചുമത്തുകയും എന്നാൽ അടക്കാത്തതുമായ അപേക്ഷകരിൽനിന്ന്‌ പുതുക്കിയ നിരക്കനുസരിച്ചുള്ള തുകയാണ് ഈടാക്കുക. കേരളത്തിൽ നിലവിലുള്ള പെർമിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞനിരക്കാണ്‌.

കെട്ടിട നിർമാണ പെർമിറ്റ്‌ ഫീസിനത്തിൽ അധികമായി ഈടാക്കിയ തുക ഈ സാമ്പത്തിക വർഷംതന്നെ തിരികെ നൽകും. മുൻകാല പ്രാബല്യത്തോടെയാണ്‌ സർക്കാർ കെട്ടിട നിർമാണ പെർമിറ്റ്‌ ഫീസിൽ ഇളവ്‌ അനുവദിച്ചത്‌. 2023 ഏപ്രിൽ 10ന്‌ ശേഷം പെർമിറ്റ് ഫീസും അപേക്ഷാഫീസും അടച്ചവർക്കാണ്‌ ഇത്‌. ഗ്രാമപഞ്ചായത്തുകൾ അടുത്ത പഞ്ചായത്ത് യോഗത്തിലും മുനിസിപ്പാലിറ്റികളും കോർപറേഷനുകളും അടുത്ത കൗൺസിൽ യോഗത്തിലും ഇതുസംബന്ധിച്ച്‌ തീരുമാനം എടുക്കണമെന്നും തുടർ നടപടികൾക്കായി സെക്രട്ടറിയെ ചുമതലപ്പെടുത്തണമെന്നും സർക്കാർ നിർദേശിച്ചു.

ഇതിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പെർമിറ്റിന്റെ പകർപ്പും തുക അടച്ചതിന്റെ രസീതും  ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ബാങ്ക് പാസ് ബുക്കിന്റെ പകർപ്പും അപേക്ഷയ്‌ക്കൊപ്പം ഉൾപ്പെടുത്തണം. രസീത് നഷ്ടപ്പെട്ടെങ്കിൽ അപേക്ഷകന്റെ സത്യപ്രസ്താവന വേണം. അപേക്ഷകളുടെ മുൻഗണനാക്രമം അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ തനതുഫണ്ടിൽനിന്ന്‌ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നൽകും. പെർമിറ്റ് ഉടമ മരിച്ച സംഭവത്തിൽ റവന്യൂ അധികൃതരുടെ സാക്ഷ്യപത്രമുണ്ടെങ്കിൽ അനന്തരാവകാശികൾക്ക്‌ തുക അനുവദിക്കും.

വളരെ പുതിയ വളരെ പഴയ