കേരളം : നടനും എംഎല്‍എയുമായ മുകേഷിനെതിരെ കേസെടുത്തു. നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 26ാം തീയതിയാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് നടി ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തനിക്ക് വിട്ടുവീഴ്ച ചെയ്താലേ എഎംഎംഎ സംഘടനയില്‍ അംഗത്വം ലഭിക്കുകയുള്ളു, താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.
നടിയുടെ പരാതിയില്‍ ജയസൂര്യക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം കണ്‍ന്റോണ്‍മെന്റാണ് ജയസൂര്യക്കെതിരെ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഐപിസി 354, 354എ, 509എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തുകയായിരുന്നു.
അമ്മയിൽ അംഗത്വം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസ് എടുത്തു. ആലുവ സ്വദേശി നടിയുടെ മൊഴി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 376 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.
നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ നടന്‍ മണിയൻപിള്ള രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഫോർട്ട് കൊച്ചി പൊലീസാണ് കേസ് എടുത്തത്. ഐപിസി 356,376 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതേ നടിയുടെ പരാതിയില്‍ പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. എക്സിക്യൂട്ടീവ് വിച്ചുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
സിനിമാ ലൊക്കേഷൻ കാണിക്കാനെന്ന വ്യാജേനെ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന നടിയുടെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. ലോയേഴ്സ് കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെയാണ് കേസെടുത്തത്. ഇയാൾക്കെതിരെ ബലാത്സംഗ വകുപ്പ് ചുമത്തിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസ് എടുത്തത്. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നു ചന്ദ്രശേഖരൻ നടിയുടെ പരാതിക്ക് പിന്നാലെ ഇന്നലെ സ്ഥാനമൊഴിഞ്ഞിരുന്നു.