മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. പുതിയ കണക്കനുസരിച്ച് 119 പേരെയാണ് കാണാതായത്. ആദ്യം തയ്യാറാക്കിയ പട്ടികയിൽ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം കിട്ടിയതിന് പിന്നാലെയാണ് കാണാതായവരുടെ എണ്ണം വീണ്ടും കുറഞ്ഞത്.
അതേസമയം ചൂരൽമല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇരുപതാം ദിവസത്തിലേക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൃതദേഹങ്ങള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ചു തുടങ്ങി.
കാണാതായവര്‍ക്കൊപ്പം വിലപിടിപ്പുള്ള രേഖകളും നഷ്ടമായ പണവും കണ്ടെത്താനുള്ള ശ്രമമാണ് തിരച്ചിലില്‍ നടക്കുന്നത്. ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. നാട്ടുകാരോ ദുരന്ത ബാധിതരോ ആവശ്യപ്പെട്ടാല്‍ ആ മേഖലയില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തിരച്ചില്‍ നടത്താനാണ് തീരുമാനം. ദുരുന്ത ബാധിത മേഖലയിലെ വീടുകളും കടകളും ശുചീകരിക്കുന്ന പ്രവർത്തികളും തുടരുകയാണ്.
ഇതിനായി സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും ഉണ്ട്. ചാലിയാറിലെ മണല്‍തിട്ടകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടരും. ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നുണ്ട്. ഉപയോഗശൂന്യമായ നോട്ടുകള്‍ മാറിയെടുക്കാന്‍ എസ്ബിഐ കോട്ടപ്പടി ബ്രാഞ്ചില്‍ നാളെ മുതല്‍ സൗകര്യവുമൊരുക്കും.