കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളതീരത്ത് കുറവായി കണ്ടുതുടങ്ങിയ മത്തി ഈ വർഷത്തോടെ കൂടുതല്‍ ലഭ്യമായിത്തുടങ്ങുമെന്നു വിലയിരുത്തല്‍.കൂടാതെ മത്സ്യങ്ങളുടെ പ്രജനനകാലത്തെ ട്രോളിംഗ് നിരോധനം ഫലപ്രദമായി നടപ്പാക്കിയതും പ്രജനന സമയത്ത് വലിയ കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടാകാത്തതും ഇത്തവണ മത്സ്യസന്പത്ത് വർധിപ്പിച്ചേക്കുമെന്നുമാണു പ്രാഥമിക നിഗമനം. ഏതാനും വർഷങ്ങളായി തീരത്തോടു ചേർന്നു ലഭിച്ചിരുന്ന മത്തി ഏറെ അകലെനിന്നാണ് ലഭിച്ചുപോന്നത്. ക്രമേണ ഇതിന്‍റെ അളവും കുറഞ്ഞു.
കേരളത്തില്‍ മത്തി കുറഞ്ഞതിനു പിന്നാലെ കർണാടകയുടെ പടിഞ്ഞാറൻ തീരം, മഹാരാഷ്‌ട്ര, ഗുജറാത്ത് തീരങ്ങളില്‍ വലിയ തോതില്‍ ലഭ്യമാകുകയും ചെയ്തു. കേരളതീരത്ത് സമൃദ്ധമായിരുന്ന മത്തി ഈ മേഖലകളിലേക്കു നീങ്ങിയതാണ് ഇതിനു കാരണം. മത്തിയെ കൂടാതെ ഈ വർഷം അയില, ചെമ്മീൻ, മാന്ത തുടങ്ങിയവയുടെയും ലഭ്യത വർധിക്കുമെന്നാണു പ്രതീക്ഷ.
മുൻവർഷങ്ങളില്‍ കേരളതീരത്തെ കടല്‍ജലത്തിന്‍റെ താപനില ഉയർന്നതോടെ ആഴക്കടല്‍ മത്സ്യങ്ങളുടെ ലഭ്യതയും കുറഞ്ഞിരുന്നു. പ്രധാനമായും തിരണ്ടി, സ്രാവ്, അയക്കൂറ എന്നിവയുടെ ലഭ്യതയിലാണു കുറവുണ്ടായത്. ഇവ കൂടുതല്‍ തണുപ്പ് തേടി കൂടുതല്‍ അടിത്തട്ടിലേക്കു നീങ്ങിയതായിരുന്നു കാരണം. മത്സ്യങ്ങള്‍ സുരക്ഷിത കേന്ദ്രമെന്ന നിലയില്‍ കൂടുതല്‍ ആഴത്തട്ടിലേക്കു നീങ്ങിയതു കാരണം ഇവയുടെ വലുപ്പത്തിലും തൂക്കത്തിലും കുറവ് വന്നിരുന്നു. ഇത്തവണ കാലാവസ്ഥയില്‍ വലിയ തോതിലുള്ള വ്യതിയാനം സംഭവിക്കാനിടയില്ലെന്നാണു നിഗമനം. നിലവില്‍ കൂടുതല്‍ മത്സ്യം ലഭിക്കാനുള്ള സാഹചര്യമാണുള്ളതെന്നാണു സംസ്ഥാന ഫിഷറീസ് വകുപ്പിന്‍റെ നിഗമനം.
അതേസമയം, ചില മീനുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെങ്കിലും കഴിഞ്ഞ മൂന്നു വർഷങ്ങളായി കേരളത്തിലെ മത്സ്യസന്പത്ത് സ്ഥിരതാ സ്വഭാവം പ്രകടിപ്പിച്ചുപോരുന്നുണ്ടെന്ന് ഫിഷറീസ് വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
2021-22 വർഷത്തില്‍ 6.01 ലക്ഷം മെട്രിക് ടണ്‍ മത്സ്യമാണ് കേരള തീരത്തുനിന്നും പിടിച്ചത്. തൊട്ടടുത്ത വർഷം ഇത് ഏഴു ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു. അതേ സമയം 2023-24ല്‍ ഇത് 5.8 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. ശരാശരി അഞ്ചുലക്ഷം മെട്രിക് ടണ്‍ ലഭിക്കുന്നു എന്നത് സ്ഥിരതയുടെ സൂചനയാണ്. നിലവില്‍ ദേശീയശരാശരിയില്‍ രണ്ടാം സ്ഥാനത്താണ് കേരളം.
മത്തി സഞ്ചാരപ്രിയൻ
കേരള തീരത്ത് മത്തി കുറയാൻ പ്രധാന കാരണം മത്തിയുടെ കുടിയേറ്റ സ്വഭാവമെന്നു ശാസ്ത്രജ്ഞർ. പത്തു വർഷത്തിനിടയ്ക്ക് ഒരു തീരത്തുനിന്നു മറ്റൊരു തീരത്തേക്കു കുടിയേറ്റം നടത്തുന്ന ജീവിതരീതിയുള്ള കടല്‍ മത്സ്യമാണ് മത്തി.
ഒരു ആവാസ വ്യവസ്ഥയില്‍നിന്ന് ഒന്നിച്ച് മറ്റൊരു തീരം തേടുന്നതല്ല ഇവയുടെ രീതി. വർഷങ്ങളെടുത്ത് ഘട്ടം ഘട്ടമായാണു പുതിയ തീരം തേടുക.
അതുകൊണ്ടുതന്നെ ഇവയുടെ കുറവ് പ്രത്യക്ഷത്തില്‍ കാണില്ല. പുതിയ തീരം തേടിയ മത്തികളുടെ പിന്മുറക്കാർ ഇത്തരത്തില്‍ തന്നെയാണ് പഴയ ആവാസ വ്യവസ്ഥയിലേക്കും തിരിച്ചെത്തുക.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആവാസ വ്യവസ്ഥയിലെ ചെറിയ മാറ്റവും ഇവയെ വേഗത്തിലുള്ള കടല്‍മാറ്റത്തിനു പ്രേരിപ്പിക്കാറുണ്ടെന്ന് സമുദ്ര മത്സ്യഗവേഷകർ പറയുന്നു.