Zygo-Ad

തൃപ്രങ്ങോട്ടൂർ, കുന്നോത്തുപറമ്പ് പഞ്ചായത്തുകളിൽ ജനജീവിതം സ്തംഭിച്ചു.

 


പാനൂർ: പാനൂരിന്റെ കിഴക്കൻ മേഖലയിലെ തൃപ്രങ്ങോട്ടൂർ, കുന്നോത്തുപറമ്പ് പഞ്ചായത്തുകളിൽ കനത്ത മഴയിൽ വെള്ളം കയറി ജനജീവിതം സ്തംഭിച്ചു. ചെറുതും വലുതുമായ തോടുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം റോഡുകൾ വഴിയുള്ള ഗതാഗതവും തടസ്സപ്പെടുത്തി. ബസ് സർവീസുകൾ നാമമാത്രമായിരുന്നു. വ്യാപാരസ്ഥാപനങ്ങളെയും ബാധിച്ചു. അപകടഭീഷണിയിലായ പത്ത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

നരിക്കോട്മല സാംസ്കാരികകേന്ദ്രത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കെ.പി.മോഹനൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും ക്യാമ്പിൽ സന്ദർശനം നടത്തി. കുടുംബങ്ങൾക്ക് കെ.പി.മോഹനൻ എം.എൽ.എ. സഹായമായി അരിയും പലവ്യഞ്ജനങ്ങളും എത്തിച്ചു. ജില്ലാ പഞ്ചായത്തംഗം ഉഷ രയരോത്ത്, വാർഡംഗം സുധാ വാസു, ,മുൻ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് .ടി പി. അനന്തൻ തുടങ്ങിയവരുമെത്തി.

നരിക്കോടുമലയിൽ കനത്ത മണ്ണിടിച്ചിലുണ്ടായി. ചെറ്റക്കണ്ടി ,പുത്തൂർ പുഴകൾ കരകവിഞ്ഞു. കൂറ്റേരിയിൽ ചാലുപറമ്പത്ത് അക്ഷയയുടെ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു.അരയാക്കൂൽ വയലിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ വട്ടത്ത് ബാലൻ, ഭാര്യ പുഷ്പ എന്നിവരെ അഗ്നിരക്ഷാസേനയും കൊളവല്ലൂർ പോലീസും നാട്ടുകാരും ചേർന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

കുന്നോത്തുപറമ്പ് പഞ്ചായത്തോഫീസിന്റെ ഒരു മുറിയിൽ വെള്ളം കയറി. മൊകേരി ആയുഷ് ആരോഗ്യ കേന്ദ്രത്തിന് സമീപം കുന്നത്ത് മീത്തൽ പവിത്രന്റെ വീട്ടുമതിൽ തകർന്നു. ഈസ്റ്റ് വള്ള്യായിയിലെ കെ.പി.സുരേഷ് ബാബുവിന്റെ കിണർ ഇടിഞ്ഞു. എലാങ്കോട് ഭാഗത്ത് റോഡുകളിലും വയലുകളിലും വെള്ളം പൊങ്ങി.പലയിടത്തും റോഡുഗതാഗതം താറുമാറായി.

വളരെ പുതിയ വളരെ പഴയ