പാനൂർ : പാനൂർ നഗരസഭയിലെ പെരിങ്ങത്തൂർ വില്ലേജ് ഓഫീസ് ഈ പെരുമഴക്കാലത്തെ അതിജീവിക്കുമോ എന്ന കാര്യത്തിൽ ജീവനക്കാരും നാട്ടുകാരും ആശങ്കയിൽ.കോൺക്രീറ്റ് മേൽക്കൂരയിലെ വിള്ളലുകളിൽ കൂടി ഓഫീസിനുള്ളിലേക്ക് നിർത്താതെ മഴവെള്ളം ഒഴുകിവരികയാണിപ്പോൾ. ദൈനംദിന ഓഫീസ് പ്രവർത്തനത്തോടൊപ്പം മഴവെള്ളം കൂടി പുറത്തേക്ക് ഒഴുക്കുന്ന ജോലിയാണ് ജീവനക്കാർ ഏറ്റെടുത്തിരിക്കുന്നത്.
മേൽക്കൂരയിൽ പലയിടത്തും താത്കാലിക ഷീറ്റുകൾ വെച്ചിട്ടും ചോർച്ചയ്ക്ക് കുറവില്ല. രേഖകൾ സൂക്ഷിക്കാൻ പരിമിതമായ സ്ഥലമുള്ള മുറികളിൽ ചോർച്ചയുമായപ്പോൾ ഓഫീസ് എങ്ങനെ പ്രവർത്തിപ്പിക്കണമെന്നറിയാതെ ജീവനക്കാർ വലയുന്നു. ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരാകട്ടെ നിസ്സഹായരുമാണ്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തേണ്ടത് ജീവനക്കാർ തന്നെ.ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കാൻ അനുമതി ലഭിച്ചത്.
സ്മാർട്ട് റവന്യൂ ഓഫീസുകൾ എന്ന പദ്ധതിയിലുൾപ്പെടുത്തി 50 ലക്ഷം രൂപയുടേതാണ് അടങ്കൽ. നേരത്തേ വികസന സമിതി, കെ.പി. മോഹനൻ എം.എൽ.എ.യ്ക്ക് നൽകിയ നിവേദനത്തിന്റെ ഫലമായാണ് നടപടികളുണ്ടായത്.പേരിന്റെ ആശയക്കുഴപ്പം കാരണം തലശ്ശേരി താലൂക്കിലെ തന്നെ പെരിങ്ങളം വില്ലേജിനായിരുന്നു ആദ്യം കെട്ടിടനിർമാണത്തിന് അനുമതി. പെരിങ്ങളത്തിനാകട്ടെ, നേരത്തേതന്നെ ആധുനിക കെട്ടിടമുണ്ട്. പിന്നീട് പെരിങ്ങത്തൂർ വില്ലേജിന് മാറ്റിയനുവദിച്ച് ഉത്തരവിറങ്ങി. എന്നിട്ടും നിർമാണം അനിശ്ചിതത്വത്തിൽ തന്നെ. പാനൂർ നഗരസഭയിലെ കരിയാട് പ്രദേശമാണ് ഈ വില്ലേജ് ഓഫീസിന്റെ പരിധിയിൽ വരുന്നത്.
കരിയാടിന്റെ ഏറ്റവും വടക്കേയറ്റത്ത് ചൊക്ലി പഞ്ചായത്ത് അതിർത്തിയോട് ചേർന്ന പള്ളിക്കുനിയിലെ സ്വന്തം ഭൂമിയിലാണ് ഇപ്പോഴത്തെ ഓഫീസ്. ആധുനിക രീതിയിൽ കെട്ടിടം പൂർത്തിയാക്കി ഓഫീസ് സ്മാർട്ടാകുന്നതും കാത്ത് ഇനിയെത്ര നാൾ കാത്തിരിക്കണമെന്ന ചോദ്യം അവശേഷിക്കുകയാണ്.
