മയ്യഴി : നിർമാണം തുടങ്ങി 18 വർഷം പിന്നിട്ടിട്ടും എങ്ങുമെത്താത്ത മാഹി മീൻപിടിത്ത തുറമുഖം വീണ്ടും പ്രതീക്ഷയുടെ തേരിൽ. പണി നിലച്ചിട്ട് ഏഴുവർഷമായി. പ്രവൃത്തി തുടങ്ങുന്നതിനു മുന്നോടിയായുള്ള വിശദപദ്ധതിറിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാകുന്നു. കേരള ഹാർബർ എൻജിനിയറിങ് വകുപ്പിനെയാണ് ഡി.പി.ആർ. തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത്.
ഡി.പി.ആർ. തയ്യാറാക്കുന്നതിന്റെ ഭാഗമായി ഹാർബർ എൻജിനിയറിങ്ങിലെ ഉദ്യോഗസ്ഥർ പദ്ധതിപ്രദേശത്ത് പഠനം നടത്തി. ഡി.പി.ആർ. ഈ മാസം അവസാനത്തോടെ ലഭിച്ചേക്കും. ഡി.പി.ആർ. ലഭിച്ചാൽ പുതുച്ചേരി പൊതുമരാമത്ത് വകുപ്പ് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കും.
ഭരണാനുമതി 2005-ൽ
പുതുച്ചേരി സർക്കാർ നടപ്പാക്കിയ കേന്ദ്രാവിഷ്കൃത പദ്ധതിയായ മാഹി മത്സ്യബന്ധന തുറമുഖത്തിന് കേന്ദ്രസർക്കാർ ഭരണാനുമതി നൽകിയത് 2005 ഒക്ടോബർ 31-നാണ്.
നിർമാണത്തിനുള്ള തുക 22.60 കോടി രൂപ സമുദ്ര മത്സ്യബന്ധന വികസനത്തിനായുള്ള കേന്ദ്രസഹായമായിരുന്നു. നാലുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണമെന്നായിരന്നു കേന്ദ്രസർക്കാർ നിർദേശം. ഇതുവരെ 71 കോടി രൂപയോളം ചെലവിട്ടു. 2006 ജനുവരി 24-ന് മാഹി പൊതുമരാമത്ത് വകുപ്പ് കൊല്ലത്തെ കായിക്കര കൺസ്ട്രക്ഷന് പ്രവൃത്തിയുടെ കരാർ നൽകി.ആദ്യഘട്ട കരാർ എസ്റ്റിമേറ്റ് തുകയായ 15.60 കോടിയേക്കാൾ 62.72 ശതമാനം കുടുതൽ തുകയായ 25.39 കോടി രൂപക്കാണ് കായിക്കര കരാർ നൽകിയത്. ആദ്യഘട്ട നിർമാണം 2006 ഒക്ടോബറിൽ തുടങ്ങി. 18 മാസം കൊണ്ട് (2008 ഏപ്രിലിൽ) പൂർത്തിയാക്കണമെന്നായിരുന്നു നിബന്ധന