കണ്ണൂർ : പരിപ്പായിയിൽ നിന്നും കിട്ടിയ നിധി ശേഖരം 1659 മുതൽ 1826 വരെയുള്ള കാലഘട്ടത്തിൽ ഉള്ളതെന്ന് പരിശോധനയിൽ തെളിഞ്ഞു.
കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം ഓഫിസർ ഇൻ ചാർജ് കെ കൃഷ്ണ രാജ്, മ്യൂസിയം ഗൈഡ് വി എ വിമൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തളിപ്പറമ്പ് ആർ ഡി ഓഫിസിൽ സൂക്ഷിച്ച നിധിശേഖരം പരിശോധിച്ചത്.
കാശുമാലകൾ, സ്വർണ മുത്തുകൾ, ചെറിയ കർണ ആഭരണങ്ങൾ, കമ്മലുകൾ, നാണയങ്ങൾ എന്നിവയാണ് ശേഖരത്തിൽ ഉണ്ടായിരുന്നത്.
വെനീഷ്യയിലെ മൂന്ന് ഡ്യൂക്കുകളുടെ കാലത്ത് നിർമിച്ച വെനീഷ്യൻ ഡക്കറ്റ് എന്ന സ്വർണ നാണയങ്ങൾ ഉപയോഗിച്ചാണ് കാശുമാലകൾ നിർമിച്ചതെന്ന് കെ കൃഷ്ണരാജ് പറഞ്ഞു.
1659 മുതൽ 1674 വരെ ഭരിച്ച ഡൊമനികോ കൊണ്ടാരിന, 1752 മുതൽ 1762 വരെ ഭരിച്ച ഫ്രാൻസിസ്കോ കോർഡാൻ തുടങ്ങിയവരുടെ കാലഘട്ടത്തിലെ ഡക്കറ്റുകളാണിവ. ഇത്തരം സ്വർണത്തിന്റെ പതിമൂന്ന് കാശുമാലകളാണ് ലഭിച്ചത്.
ഫ്രാൻസിസ്കോ കോർഡാന്റെ കാലത്ത് നിർമിച്ച 4 സ്വർണ നാണയങ്ങളും ലഭിച്ചിട്ടുണ്ട്. സാമൂതിരിയുടെ വീരരായൻ പണം എന്നറിയപ്പെടുന്ന 2 വെള്ളി നാണയങ്ങളാണ് മറ്റൊന്ന്.
1826ലെ ആലിരാജയുടെ കാലത്തുള്ള കണ്ണൂർ പണം എന്നറിയപ്പെടുന്ന 2 വെള്ളി നാണയങ്ങളും പുതുച്ചേരിയിൽ നിന്ന് ഫ്രഞ്ചുകാർ നിർമിച്ച ഇൻഡോ ഫ്രഞ്ച് നാണയങ്ങളും ഇതിലുണ്ട്.
പുതുച്ചേരി നാണയങ്ങൾ എന്നാണിവ അറിയപ്പെട്ടിരുന്നത്. കൂടാതെയാണ് രണ്ട് സ്വർണ മുത്തുകളും ജിമിക്കികളും ലഭിച്ചു. ഈ നിധി ശേഖരത്തിലെ ഏറ്റവും പുതിയത് 1826-ലെ കണ്ണൂർ പണമാണ്. ഇക്കാലത്തിന് ശേഷമായിരിക്കും നിധി ശേഖരം ഇവിടെ കുഴിച്ചിട്ടത് എന്നാണ് നിഗമനം.
