ചൂട് വര്‍ധിച്ചതോടെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചിരിക്കുകയാണ്. ഉപഭോഗം ക്രമാതീതമായി വര്‍ധിച്ചാല്‍ വരും മാസങ്ങളില്‍ ഉണ്ടാവാന്‍ ഇടയുള്ള ഊര്‍ജ്ജ പ്രതിസന്ധി കണക്കിലെടുത്ത് മുന്നറിയിപ്പുമായി കെഎസ്ഇബി.
മികച്ച ഊര്‍ജക്ഷമതയുള്ള സ്റ്റാര്‍ റേറ്റഡ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഊര്‍ജ ലാഭം ഉണ്ടാക്കുകയും വൈദ്യുതി ബില്‍ കുറയ്ക്കുകയും ചെയ്യും.
ആവശ്യമില്ലാത്തപ്പോഴും മുറിക്ക് പുറത്ത് പോകുമ്പോഴും ലൈറ്റും ഫാനും മറ്റ് ഉപകരണങ്ങളും കൃത്യമായി ഓഫ് ചെയ്യുക. പമ്പുകള്‍, വാഷിങ് മെഷീനുകള്‍, തേപ്പ് പെട്ടി, ഹീറ്റര്‍ തുടങ്ങിയവ കഴിവതും പീക്ക് സമയത്ത് (വൈകീട്ട് 6-10) ഒഴിവാക്കി മറ്റ് സമയങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുക.
ത്രീ ഫേസ് ഉപഭോക്താക്കള്‍ കഴിവതും തുല്യമായ രീതിയില്‍ ലോഡ് ബാലന്‍സ് ചെയ്യണമെന്നും കെഎസ്ഇബി വിവരിക്കുന്നു. സാധാരണ ബള്‍ബുകള്‍ക്ക് പകരം എല്‍ ഇ ഡി ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ഉപയോഗം അഞ്ചില്‍ ഒന്നായും ഫ്ലൂറസെൻ്റ് ട്യൂബ് ലൈറ്റ്, സി എഫ് എല്‍ എന്നിവക്ക് പകരം എല്‍ ഇ ഡി ട്യൂബ് ലൈറ്റ്, എല്‍ഇഡി ബള്‍ബുകള്‍ എന്നിവ ഉപയോഗിച്ചാല്‍ വൈദ്യുതി ഉപയോഗം പകുതിയായും കുറക്കാനാകും.
എല്‍ ഇ ഡി വിളക്കുകള്‍ക്ക് സാധാരണ ബള്‍ബുകളെ അപേക്ഷിച്ച് ആയുസ്സും വളരെ കൂടുതലാണ്. 100 രൂപയിലേറെ വില വരുന്ന ഗുണമേന്മയുള്ള 9 വാട്ട് എല്‍ ഇ ഡി ബള്‍ബുകള്‍ കേവലം 65 രൂപക്ക് സെക്ഷന്‍ ഓഫീസില്‍ ലഭിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.