ദില്ലി : ഇന്ത്യ-കാനഡ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കാനഡയിലെ ഇന്ത്യാക്കാരും പഠനാവശ്യത്തിന് പോയ ഇന്ത്യൻ വിദ്യാർത്ഥികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. ഈയിടെയായി ഇന്ത്യൽ നയതന്ത്ര പ്രതിനിധികൾക്ക് നേരെയും ഇന്ത്യാ വിരുദ്ധ നീക്കങ്ങൾക്ക് എതിരു നിൽക്കുന്നവർക്ക് നേരെയും കാനഡയിൽ ഭീഷണികളുണ്ടായി. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണം.
ഇന്ത്യാവിരുദ്ധ കാര്യങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക് പോകരുത്. ഏതെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നടക്കമാണ് മാർഗനിർദേശത്തിലുള്ളത്. കാനഡയിലേക്ക് പോകാനിരിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിലെ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പങ്കിനെ പറ്റിയുള്ള കനേഡിയൻ പ്രധാനമന്ത്രി ജസ്ററിൻ ട്രൂഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇന്ത്യ- കാനഡ ബന്ധം വഷളായത്. യുകെയിലെയും കാനഡയിലെയും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ആക്രമിച്ച സംഭവത്തിൽ എൻഐഎ നേരത്തെ കേസെടുത്തിരുന്നു.