Zygo-Ad

മഹാരാഷ്ട്രയിലെ നാടകത്തിന് നാളെ തിരശീല ; വിശ്വാസവോട്ടെടുപ്പിന് മുമ്പ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

ഒരാഴ്ചയിലേറെയായി നീണ്ടുനിന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജിയോടെ പരിസമാപ്തി. വ്യാഴാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെയാണ് താക്കറെ രാജിവെച്ചത്. വ്യാഴാഴ്ചത്തെ വിശ്വാസവോട്ടെടുപ്പ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഉദ്ധവിന്റെ രാജി പ്രഖ്യാപനം. കോടതിവിധി മാനിക്കുന്നുവെന്നും തങ്ങൾ ജനാധിപത്യം പിന്തുടരുമെന്നും താക്കറെ പറഞ്ഞു.

തനിക്ക് പിന്തുണ നൽകിയതിൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവർക്കും മറ്റു സംസ്ഥാന നേതാക്കൾക്കും തന്നെ പിന്തുണച്ച സേനാ എംഎൽഎമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിൽ ശിവസേനയിലെ ഭൂരിപക്ഷം എംഎൽഎമാരും വിമതനീക്കം നടത്തിയതോടെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാർ താഴെ വീണത്. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേനയുടെ നേതൃത്വത്തിൽ എൻസിപിയും കോൺഗ്രസും ചേർന്ന് മഹാവികാസ് അഘാഡി സർക്കാരിന് രൂപം കൊടുത്തത്. രണ്ടര വർഷത്തോളം നീണ്ട ഭരണത്തിനൊടുവിലാണ് സഖ്യസർക്കാർ രാജിവെച്ചത്.

വളരെ പുതിയ വളരെ പഴയ